ഇന്ത്യ വീണു; പാലസ്തീന്‌ മുന്നില്‍

Wednesday 6 February 2013 10:58 pm IST

കൊച്ചി: ഇരമ്പിയാര്‍ത്ത ആരാധകര്‍ക്ക്‌ മുന്നിലും ഇന്ത്യ വിജയം കൈവിട്ടു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കൂടിയ 30000ത്തോളം കാണികള്‍ക്ക്‌ മുന്നില്‍ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ നാല്‌ ഗോളുകള്‍ക്കാണ്‌ ഇന്ത്യ പാലസ്തീനോട്‌ അടിയറവ്‌ പറഞ്ഞത്‌. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ പരാജയം. രണ്ടാം പകുതി ആരംഭിച്ച നാല്‌ മിനിറ്റിനിടെ വീണ രണ്ട്‌ ഗോളുകളാണ്‌ ഇന്ത്യ വിധികുറിച്ചത്‌. പാലസ്തീന്റെ അഷ്‌റഫ്‌ അല്‍ഫാഗ്‌രയുടെ ഹാട്രിക്കാണ്‌ മത്സരത്തിന്റെ സവിശേഷത.
മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക്‌ ഫ്രീകിക്ക്‌ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസ്‌ എടുത്ത കിക്ക്‌ പോസ്റ്റിന്‌ ഏറെ അകലെക്കൂടിയാണ്‌ പറന്നത്‌. എട്ടാം മിനിറ്റില്‍ ഇന്ത്യ മികച്ചൊരു മുന്നേറ്റം നടത്തി. ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസ്‌ വലതുവിംഗില്‍ നിന്ന്‌ ചേത്രിയെ ലക്ഷ്യമാക്കി നല്‍കിയ ക്രോസ്‌ ഗോളിലേക്ക്‌ തിരിച്ചുവിടാന്‍ ഇന്ത്യന്‍ നായകന്‌ കഴിഞ്ഞില്ല. പത്താം മിനിറ്റിലാണ്‌ പാലസ്തീന്റെ ആദ്യ മുന്നേറ്റം നടന്നത്‌. അഷ്‌റഫ്‌ അല്‍ഫാഗ്‌ര ഇടതുവിംഗില്‍ കൂടി കുതിച്ചുകയറി ക്രോസ്‌ നല്‍കിയെങ്കിലും സഹതാരങ്ങള്‍ക്ക്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 11-ാ‍ം മിനിറ്റില്‍ ഇന്ത്യക്ക്‌ അനുകൂലമായി ആദ്യ കോര്‍ണര്‍ ലഭിച്ചെങ്കിലും ക്ലിഫോര്‍ഡ്‌ മിറാന്‍ഡ്‌ എടുത്ത കിക്ക്‌ പാലസ്തീന്‍ ഗോളി കയ്യിലൊതുക്കി. 17-ാ‍ം മിനിറ്റില്‍ ഇന്ത്യ കാത്തിരുന്ന ഗോള്‍ പിറന്നു. പന്തുമായി കുതിച്ച്‌ ആല്‍വിന്‍ ജോര്‍ജ്‌ തൊടുത്ത ഷോട്ട്‌ പാലസ്തീന്‍ ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട്‌ വന്ന പന്ത്‌ പിടിച്ചെടുത്ത്‌ ക്ലിഫോര്‍ഡ്‌ മിറാന്‍ഡ ബുള്ളറ്റ്‌ വേഗത്തില്‍ പായിച്ച ഷോട്ട്‌ പാലസ്തീന്‍ പോസ്റ്റില്‍ തറച്ചുകയറി. 1-0. എന്നാല്‍ 30-ാ‍ം മിനിറ്റില്‍ പാലസ്തീന്‍ സമനില പിടിച്ചു. അവരുടെ പ്രതിരോധനിര താരം റെയ്ദ്‌ ഫാറസ്‌ വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച്‌ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന അഷ്‌റഫ്‌ അല്‍ഫാഗ്‌രയെ ലക്ഷ്യമാക്കി മികച്ചൊരു ക്രോസ്‌ നല്‍കി. പന്ത്‌ പിടിച്ചെടുത്ത അല്‍ഫാഗ്‌ര തകര്‍പ്പനൊരു ആംഗുലര്‍ ഷോട്ടിലൂടെ ഇന്ത്യന്‍ ഗോളി സന്ദീപ്‌ നന്ദിയെ കീഴടക്കി വലയിലെത്തിച്ചു. 1-1. 39-ാ‍ം മിനിറ്റില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. ഒരു കോര്‍ണറില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. ഡെന്‍സന്‍ ഫ്രാങ്കോ എടുത്ത കോര്‍ണറാണ്‌ സയിദ്‌ റഹിം നബി പാലസ്തീന്‍ വലയിലെത്തിച്ചത്‌. ആദ്യ പകുതിയില്‍ ഇന്ത്യ 2-1ന്‌ മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച രണ്ട്‌ മിനിറ്റ്‌ പിന്നിട്ടപ്പോഴേക്കും പാലസ്തീന്‍ സമനില പിടിച്ചു. ഇന്ത്യന്‍ പ്രതിരോധത്തിനും ഗോളിക്കും പറ്റിയ വീഴ്ചയില്‍ നിന്നാണ്‌ പാലസ്തീന്‍ സമനില പിടിച്ചത്‌. അഷ്‌റഫ്‌ അല്‍ഫാഗ്‌ര തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത്‌ ലഭിച്ച ഹസ്സം അബുസലയാണ്‌ ഇന്ത്യന്‍ വല കുലുക്കിയത്‌. നാല്‌ മിനിറ്റിനുശേഷം പാലസ്തീന്‍ ലീഡ്‌ നേടി. ഇന്ത്യന്‍ പ്രതിരോധനിര താരം ഗെയ്ക്ക്‌വാദ്‌ പാലസ്തീന്റെ അബു സലെയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ്‌ സന്ദര്‍ശകര്‍ ലീഡ്‌ നേടിയത്‌. കിക്കെടുത്ത അഷ്‌റഫ്‌ അല്‍ഫാഗ്‌ര ഇന്ത്യന്‍ ഗോളി സന്ദീപ്‌ നന്ദിയെ നിഷ്പ്രഭനാക്കി പന്ത്‌ അനായാസം വലയിലെത്തിച്ചു. രണ്ട്‌ മിനിറ്റിനുശേഷം സുനില്‍ ഛേത്രിക്ക്‌ ഒരു അവസരം ലഭിച്ചെങ്കിലും പാലസ്തീന്‍ ഗോളി സന്ദര്‍ഭത്തിനൊത്തുയര്‍ന്ന്‌ അപകടം ഒഴിവാക്കി. അഞ്ച്‌ മിനിറ്റിനുശേഷം റഹിം നബി പന്തുമായി ഇടതുവിംഗിലൂടെ കുതിച്ച്‌ ബോക്സിനുള്ളില്‍ പ്രവേശിച്ചെങ്കിലും പാലസ്തീന്‍ ഗോളി മുഹമ്മദ്‌ ഷബിര്‍ അവസരത്തിനൊത്തുയര്‍ന്ന്‌ കോര്‍ണറിന്‌ വഴങ്ങി അപകടം ഒഴിവാക്കി. 63-ാ‍ം മിനിറ്റില്‍ പാലസ്തീന്റെ അവസരം ഇന്ത്യന്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 64-ാ‍ം മിനിറ്റില്‍ ഇന്ത്യയുടെ ജപ്പാന്‍താരം ഇസൂമി അരാട്ട ലെന്നി റോഡ്രിഗസിന്‌ പകരമായി കളത്തിലിറങ്ങി. ഇതോടെ ഇന്ത്യന്‍ ടീമിന്‌ നേരിയ ഊര്‍ജ്ജം കൈവന്നെങ്കിലും മുന്നേറ്റ നിര ലക്ഷ്യബോധം മറന്നു. 66-ാ‍ം മിനിറ്റില്‍ പാലസ്തീന്റെ അഷ്‌റഫ്‌ അല്‍ഫാഗ്‌ര ഹാട്രിക്ക്‌ തികച്ചു. ഇന്ത്യന്‍ പ്രതിരോധത്തിന്‌ പറ്റിയ പിഴവ്‌ മുതലെടുത്താണ്‌ അഷ്‌റഫ്‌ അല്‍ഫാഗ്‌ര വലകുലുക്കിയത്‌. 69-ാ‍ം മിനിറ്റില്‍ ആല്‍വിന്‍ ജോര്‍ജിന്‌ പകരം ജുവല്‍ രാജയും 76-ാ‍ം മിനിറ്റില്‍ സുനില്‍ ഛേത്രിക്കും ഫ്രാന്‍സിസ്‌ ഫെര്‍ണാണ്ടസിനും പകരമായി മനന്‍ദീപ്‌ സിംഗും ജോക്വിം അബ്രരാഞ്ചസും കളത്തിലിറങ്ങി. പിന്നീട്‌ 85-ാ‍ം മിനിറ്റില്‍ ക്ലിഫോര്‍ഡ്‌ മിറാന്‍ഡക്ക്‌ പകരം മലയാളി താരം സി.കെ. വിനീത്‌ കളത്തിലിറങ്ങി. ഇറങ്ങിയ ഉടനെ വിനീത്‌ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 87-ാ‍ം മിനിറ്റില്‍ വിനീതിന്റെ പാസില്‍ നിന്ന്‌ ജുവല്‍ രാജയുടെ ഹെഡ്ഡര്‍ പുറത്തേക്കാണ്‌ പാഞ്ഞത്‌. അവസാന മിനിറ്റുകളില്‍ സര്‍വ്വവും മറന്ന്‌ ഗോള്‍ മടക്കാന്‍ പരിശ്രമിച്ചെങ്കിലും പാലസ്തീന്‍ പ്രതിരോധം ഉരക്കുകോട്ട കെട്ടിയതോടെ ഇന്ത്യയുടെ ശ്രമങ്ങളെല്ലാം വിഫലമായി.
കളിയുടെ വിധി ഫിഫ റാങ്കിങ്ങിനെ ബാധിക്കുമെന്നതിനാല്‍ അഭിമാനപ്രശ്നമായാണ്‌ രണ്ട്‌ ടീമുകളും മത്സരത്തെ കണ്ടത്‌. ഫിഫ റാങ്കിങ്ങില്‍ 152-ാ‍ മത്‌ നില്‍ക്കുന്ന പലസ്തീന്‌ റാങ്കിങ്‌ മെച്ചപ്പെടുത്താന്‍ ഈ വിജയം അവസരമൊരുക്കും. 166-ാ‍ം സ്ഥാനക്കാരായാണ്‌ ഇന്ത്യ കൊച്ചിയില്‍ കളിക്കാനിറങ്ങിയത്‌.
വിനോദ്‌ ദാമോദരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.