വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: കളക്ടര്‍

Thursday 7 February 2013 10:39 pm IST

കൊച്ചി: ജില്ലയില്‍ വരള്‍ച്ച മുന്നില്‍ കണ്ട്‌ പരിഹാര പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക്‌ പരീത്‌ വിവിധ വകുപ്പുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. നിര്‍മാണാനുമതി ലഭിച്ച കുടിവെള്ള പദ്ധതികള്‍ മാര്‍ച്ച്‌ 31നകം പൂര്‍ത്തിയാക്കണം. അഞ്ച്‌ ലക്ഷം രൂപയില്‍ താഴെയുള്ള കുടിവെള്ള പദ്ധതികള്‍ക്ക്‌ ഉടനെ അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വകുപ്പ്‌ മേധാവികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. എക്സൈസ്‌, തുറമുഖ മന്ത്രി കെ. ബാബു വിളിച്ചു ചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കി വരികയാണെന്ന്‌ കളക്ടര്‍ പറഞ്ഞു. വിവിധ നിയോജക മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ നിര്‍ദേശിച്ച 71 പദ്ധതികള്‍ക്ക്‌ നിര്‍മാണാനുമതി നല്‍കിയിരുന്നു. ഇവ ഉടനെ പൂര്‍ത്തിയാക്കണം. കുടിവെള്ള പൈപ്പ്‌ ലൈനുകള്‍ നീട്ടുന്നതിന്‌ പൈപ്പ്‌ സ്ഥാപിക്കുന്നതടക്കം ഉള്‍പ്പെടുത്തിയാണ്‌ കരാര്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ മൂന്ന്‌ ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ചര്‍ച്ചകളിലൂടെ നിരക്ക്‌ നിശ്ചയിക്കാവുന്നതാണ്‌. പമ്പ്‌ സെറ്റുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളായ സിഡ്കോ, റെയ്ഡ്കോ ഇവ മുഖേന വാങ്ങാന്‍ നടപടി സ്വീകരിക്കണം. കുടിവെള്ള പദ്ധതികള്‍ ഉടനെ പ്രാവര്‍ത്തികമല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.