ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ ഭീഷണി

Wednesday 27 July 2011 3:53 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ വച്ചിട്ടുണ്ടെന്ന ഭീഷണിക്കത്ത്‌. ഇതേ തുടര്‍ന്ന്‌ ക്ഷേത്രത്തിനകത്തും പുറത്തും ബോംബ്‌ സ്ക്വാഡും, പോലീസും പരിശോധന നടത്തിവരികയാണ്‌.
അസിസ്റ്റന്റ്‌ കമ്മീഷ്ണര്‍ ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷ ക്ഷേത്രത്തിന്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ദേവസ്വം ഓഫീസിന്റെ ഗേറ്റ്‌ അടച്ച്‌ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്‌. ഭക്തരെ കര്‍ശന പരിശോധനയ്ക്ക്‌ ശേഷമാണ്‌ അകത്തേക്ക്‌ കടത്തി വിടുന്നത്‌.
ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കാണ്‌ കത്ത്‌ ലഭിച്ചത്‌. തുടര്‍ന്ന്‌ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കത്തിന്റെ പൂര്‍ണമായ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. തപാല്‍ സീല്‍ വ്യക്തമല്ലാത്തതിനാല്‍ കത്ത്‌ എവിടെനിന്നാണ്‌ പോസ്റ്റ്‌ ചെയ്തതെന്ന്‌ വ്യക്തമായിട്ടില്ല.