ബസ്‌ ചാര്‍ജ്‌ വര്‍ദ്ധന: തീരുമാനം ആഗസ്റ്റ്‌ അഞ്ചിന്‌

Wednesday 27 July 2011 3:57 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബസ്‌ യാത്രാ നിരക്ക്‌ സംബന്ധിച്ച അടുത്ത മാസം അഞ്ചിന്‌ അന്തിമ തീരുമാനം എടുക്കുമെന്ന്‌ ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാര്‍ പറഞ്ഞു. ബസ്‌ ഉടമാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക്‌ ശേഷമാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. യാത്രാ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്ത്‌ തീരുമാനമെടുക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ വെള്ള്യാഴ്ച വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
കിലോമീറ്ററിന്‌ 55 പൈസയില്‍ നിന്ന്‌ 65 പൈസ ആക്കണമെന്നാണ്‌ ബസുടമാ പ്രതിനിധികളുടെ ആവശ്യം. എന്നാല്‍ കിലോമീറ്റര്‍ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കേണ്ട എന്നാണ്‌ വിദഗ്ദ്ധ സമിതിയുടെ ശിപാര്‍ശ. അതേ സമയം ആഗസ്റ്റ്‌ അഞ്ചിന്‌ യാത്രാ നിരക്ക്‌ വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ആഗസ്റ്റ്‌ ആറു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസുടമാ പ്രതിനിധികള്‍ അറിയിച്ചു.