പാക്കിസ്ഥാനുള്ള സാമ്പത്തികസഹായം അമേരിക്ക നിര്‍ത്തലാക്കി

Friday 5 January 2018 2:33 pm IST

വാഷിംഗ്ടണ്‍: പാക്കിസ്ഥാനു വര്‍ഷാവര്‍ഷം നല്‍കിയിരുന്ന സാമ്പത്തികസഹായം അമേരിക്ക നിര്‍ത്തലാക്കി. 25.5 കോടി ഡോളറിന്റെ (ഏകദേശം 1630 കോടിരൂപ) സഹായമാണു യുഎസ് താല്‍ക്കാലികമായി തടഞ്ഞുവച്ചത്. തടഞ്ഞുവച്ച പണത്തില്‍ 2016ലെ 255 ദശലക്ഷം ഡോളറിന്റെ സൈനിക സഹായവും (എഫ്എംഎഫ്), സൗഹൃദരാജ്യങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് നല്‍കുന്ന 2017ലെ 900 ദശലക്ഷം ഡോളറിന്റെ സഹായവും ഉള്‍പ്പെടും. ഭീകര സംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതുവരെ പണം നല്‍കേണ്ടെന്നാണ് തീരുമാനം. 

സാന്പത്തിക സഹായം കൈപ്പറ്റി അമേരിക്കന്‍ സര്‍ക്കാരുകളെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കുകയായിരുന്നെന്നു പുതുവര്‍ഷത്തെ ആദ്യ ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷക്കാലത്തു 3300 കോടി ഡോളറിന്റെ (ഏകദേശം 2,10,820 കോടിരൂപ) സാന്പത്തികസഹായം സ്വീകരിച്ച് അമേരിക്കന്‍ സര്‍ക്കാരിനെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കി. പാക്കിസ്ഥാനില്‍നിന്നു നുണയും വഞ്ചനയുമല്ലാതെ അമേരിക്കയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. അഫ്ഗാനില്‍ ഞങ്ങള്‍ വേട്ടയാടിയ ഭീകരര്‍ക്ക് അവര്‍ സുരക്ഷിതതാവളം ഒരുക്കി, ഇനി ഇല്ല; ട്രംപ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയുടെ ദക്ഷിണേഷ്യന്‍ നയം പ്രഖ്യാപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം സഹകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ട്രംപ് അന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. 

ഭീകരവിരുദ്ധപ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കാത്തതിനാല്‍ പാക്കിസ്ഥാനു നല്കിയിരുന്ന സാന്പത്തിക സഹായം വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു മുന്നോടിയായി 22.5 കോടി ഡോളറിന്റെ സഹായം തടഞ്ഞുവച്ചിരുന്നു. ട്രംപ് അധികാരം ഏറ്റെടുത്തശേഷം യുഎസ്- പാക് ബന്ധത്തില്‍ വിള്ളലുകള്‍ വീണു. പാക്കിസ്ഥാന്‍ ഭീകരരുടെയും കലാപത്തിന്റെയും നാടാണെന്നു കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് പ്രസ്താവന നടത്തി. പാക്കിസ്ഥാനു നല്കിവരുന്ന സാന്പത്തികസഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക ആലോചിക്കുന്നതായി ഡിസംബറില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഭീകരര്‍ക്കു പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്നു മുന്പും ട്രംപ് ആരോപിച്ചിട്ടുണ്ട്. പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത് അവിടം മുതലാണ്. അമേരിക്ക അടുത്ത സഖ്യകക്ഷിയെപ്പോലെ പരിഗണിച്ചിരുന്ന പാക്കിസ്ഥാനു വലിയ ധനസഹായമാണു നല്കിവന്നിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.