വിദ്യാഭ്യാസത്തിലെ മൂല്യച്യുതി അക്രമങ്ങള്‍ക്ക്‌ കാരണം: കെ.പി.ശശികല ടീച്ചര്‍

Friday 8 February 2013 10:59 pm IST

കണ്ണൂര്‍: വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള മൂല്യച്യുതിയാണ്‌ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക്‌ കാരണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. എന്‍ടിയു 34-ാ‍ം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളെയും മാതൃഭാവത്തോടെ സമീപിക്കുക എന്നതാണ്‌ ഭാരതീയ സങ്കല്‍പം. മണ്ണും മരവും നദിയും ഉള്‍പ്പെടെ എല്ലാറ്റിനെയും മാതൃഭാവത്തോടെയാണ്‌ സമീപിച്ചത്‌.
സ്ത്രീ പൂജിക്കപ്പെടണമെന്നാണ്‌ ഭാരതീയ സങ്കല്‍പ്പം. കേവലം നിയമനിര്‍മ്മാണത്തില്‍ കൂടി മാത്രം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ സാധ്യമല്ല. നിയമങ്ങള്‍ ഇല്ലാത്തത്‌ കൊണ്ടല്ല ഭാരതത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത്‌. ജനങ്ങളുടെ മനസ്സില്‍ മൂല്യബോധം നഷ്ടപ്പെട്ടതാണ്‌ അതിക്രമങ്ങള്‍ക്ക്‌ കാരണം. അധ്യാപകവൃത്തി രാഷ്ട്രസേവനത്തിനും വിദ്യാഭ്യാസം രാഷ്ട്രനന്മക്കുമാണ്‌. സ്വാതന്ത്ര്യലബ്ദിക്ക്‌ ശേഷമാണ്‌ നമ്മുടെ വിദ്യാഭ്യാസ രീതിക്ക്‌ പിഴച്ചത്‌. ഇച്ഛാശക്തികൊണ്ട്‌ മാത്രമേ മൂല്യച്യുതി മാറ്റാന്‍ സാധിക്കുകയുള്ളൂ. ഈ ധാരണ സമൂഹത്തില്‍ വളര്‍ന്നുവരണം.
ചില പ്രത്യേക മതവിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി ദേശീയ മാനബിന്ദുക്കള്‍ അപമാനിക്കപ്പെടുകയാണ്‌. വന്ദേമാതരം ചില പ്രത്യേക മതക്കാര്‍ക്ക്‌ താല്‍പ്പര്യമില്ലെന്ന കാരണത്താല്‍ മാറ്റിനിര്‍ത്തപ്പെടുകയാണ്‌. നിലവിളക്ക്‌ കൊളുത്താന്‍ താല്‍പ്പര്യമില്ലാത്ത വിദ്യഭ്യാസമന്ത്രിയാണ്‌ കേരളം ഭരിക്കുന്നത്‌. ഭൂരിപക്ഷത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ കേരളത്തില്‍ നടക്കുന്നത്‌. മകരവിളക്ക്‌ ദിവസം തന്നെ സംസ്ഥാന യുവജനോത്സവം ആരംഭിച്ചത്‌ യാദൃശ്ചികമായി കാണാനാവില്ല. ഭരതനാട്യത്തിനിടയില്‍ ബാങ്ക്‌ വിളിച്ചത്‌ കല പോലും വ്യഭിചരിക്കപ്പെടുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്‌. ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ശിവരാത്രിയുടെ തൊട്ടടുത്ത ദിവസമാണ്‌ ആരംഭിക്കുന്നത്‌. ശിവരാത്രി വ്രതമെടുക്കുന്ന ഭക്തരായ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പിന്തിരിപ്പിക്കാനാണ്‌ വിദ്യാഭ്യാസ വകുപ്പന്റെ ഈയൊരു നടപടി. താലിബാനികള്‍ പറയുന്നത്‌ പോലെ കേരളത്തിലും പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാന്‍ പാടില്ലെന്ന്‌ പറയപ്പെടുന്ന കാലം വിദൂരമല്ലെന്നും ഇവിടെയും ഒരു മലാല യൂസഫ്‌ ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിലെ മൂല്യച്യുതികള്‍ക്കെതിരെ കാവലാളാവാന്‍ എന്‍ടിയുവിന്‌ മാത്രമേ സാധിക്കുകയുള്ളൂ. നിലവിളക്കും നിറപറയും തിരികെ കൊണ്ടുവന്നാല്‍ മാത്രമേ ഭാരതീയ സംസ്കാരം നിലനില്‍ക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ ഓഫീസറായ കേശവേന്ദ്രകുമാറിന്റെ ദേഹത്ത്‌ കരിഓയില്‍ പ്രയോഗം നടത്തിയത്‌ ആസൂത്രിതമായാണെന്ന്‌ തുടര്‍ന്ന്‌ സംസാരിച്ച എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കെഎസ്‌യു ജില്ലാനേതാവായ നൂറുദ്ദീനാണ്‌ സംസ്കാരശൂന്യമായ ഈ പ്രവൃത്തി ചെയ്തത്‌. ഉന്നത വിദ്യാഭ്യാസ സമിതിയില്‍ ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഏകവ്യക്തിയാണ്‌ കേശവേന്ദ്രകുമാര്‍. വിദ്യാഭ്യാസത്തെ മതഭീകരവാദത്തിന്റെ വിത്ത്‌ പാകാന്‍ ഉപയോഗിക്കുകയാണ്‌. കരിഓയില്‍ ഒഴിച്ചത്‌ കേരളത്തിലെ ദേശസ്നേഹികളുടെ മുഖത്തേക്കാണെന്ന്‌ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷം നിര്‍ജ്ജീവമാണ്‌. കേരളത്തെ പ്രതിസന്ധിയിലാക്കിയത്‌ ഇടത്‌-വലത്‌ മുന്നണികളാണ്‌. ലൈംഗിക ആരോപണവിധേയനായ പി.ജെ.കുര്യന്‌ ഇന്‍ങ്ക്വിലാബ്‌ വിളിക്കുന്നത്‌ മൂല്യച്യുതി ബാധിച്ചവരാണ്‌. സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി തന്റെ വാദത്തില്‍ ഉറച്ച്‌ നിന്നപ്പോഴും കേരളത്തില്‍ അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കണ്ടിരുന്നില്ല. അധ്യാപകവൃത്തി വികസന പ്രക്രിയയാണെന്നും മൂല്യവത്തായ വിദ്യാഭ്യാസം രാഷ്ട്രത്തിന്‌ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട്‌ വി.ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി.ഗംഗാധരന്‍ മാസ്റ്റര്‍ സ്വാഗതവും കെ.എന്‍.വിനോദ്‌ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.