കേരളത്തിലും സുരക്ഷ ശക്തമാക്കി

Saturday 9 February 2013 1:11 pm IST

തിരുവനന്തപുരം: പാര്‍ലമെന്റ് ആക്രമണക്കേസില്‍ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്കു വിധിച്ച സാഹചര്യത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കി. രാജ്യത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്. തലസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. കൂടാതെ റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ ബോംബ് സ്ക്വാഡിനു നിര്‍ദേശം നല്‍കി. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാനും ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്‌. സുരക്ഷയെ ബാധിക്കുന്ന പ്രകടനങ്ങളോ മുദ്രാവാക്യം വിളികളോ അനുവദിക്കരുതെന്നും വാഹനങ്ങള്‍ പരിശോധിക്കാനും ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സെക്രട്ടറിയേറ്റും നിയമസഭയും അടക്കം സ്ഥിതി ചെയ്യുന്ന തലസ്ഥാനത്ത്‌ അതീവ സുരക്ഷയാണ്‌ സിറ്റി പോലീസ്‌ ഒരുക്കിയിരിക്കുന്നത്‌. സിറ്റി പോലീസ്‌ കമ്മീഷണര്‍ പി വിജയന്‍ നേരിട്ടാണ്‌ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത്‌. ഡിസിപി മഞ്ജുനാഥും ശംഖുംമുഖം, കന്റോണ്‍മന്റ്്‌, ഫോര്‍ട്ട്‌ എസിമാരും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നുണ്ട്‌. എയര്‍പോര്‍ട്ടടക്കമുള്ള എല്ലാ പ്രധാന സ്ഥലങ്ങളും പോലീസിന്റെ നിയന്ത്രണത്തിലാണ്‌. കമാന്റോസ്‌ അടക്കമുള്ള ദ്രുതകര്‍മ സേനയും സുരക്ഷയ്ക്കായി രംഗത്തുണ്ട്‌. കൊച്ചി നഗരത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ശനിയാഴ്ച ഉച്ചക്കു ശേഷം സെലിബ്രിറ്റി ക്രിക്കറ്റ്‌ മത്സരങ്ങള്‍ കൂടി നടക്കുന്നതിനാല്‍ സ്റ്റേഡിയം ഭാഗത്തും പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കര്‍ശന പരിശോധനയും പെട്രോളിങും ശക്തമാക്കിയതായി സിറ്റി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവരെ പരിശോധിച്ച ശേഷമേ അകത്തേക്ക്‌ കടത്തിവിടുകയുള്ളൂ. ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാന്റുകളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.