കൊട്ടാരക്കരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചു

Sunday 10 February 2013 3:58 pm IST

കൊട്ടാരക്കര: കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. പുലര്‍ച്ചെ പെണ്‍കുട്ടിയെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം റോഡരികില്‍ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാമുകനും സംഘവുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആദ്യ സൂചന. പെണ്‍കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി അവശനിലയിലാണ്‌. കുട്ടിക്ക്‌ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. അച്ഛനും അമ്മയുമില്ലെന്നും തനിക്ക്‌ ഒരു ചേച്ചി മാത്രമേയുള്ളൂവെന്നും പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞു. കാമുകന്റെ പേര്‌ രാജേഷ്‌ എന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇയാളുടെ മൊബൈല്‍ നമ്പരും പോലീസിന്‌ കൈമാറിയിട്ടുണ്ട്‌. തൂത്തുക്കുടിയില്‍ നിന്നും കാമുകനൊപ്പം കന്യാകുമാരി വഴിയാണ്‌ പെണ്‍കുട്ടിയെ കൊട്ടാരക്കരയില്‍ എത്തിച്ചത്‌. ഇന്നലെയാണ്‌ കൊട്ടാരക്കരയില്‍ എത്തിയതെന്നും വഴിയില്‍ നിര്‍ത്തി ഇപ്പോള്‍ വരാമെന്ന്‌ പറഞ്ഞ്‌ രാജേഷ്‌ പോകുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. കന്യാകുമാരിയില്‍ വച്ചാണ്‌ പെണ്‍കുട്ടിയെ രാജേഷിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതെന്നാണ്‌ വിവരം. നിര്‍ബന്ധിച്ച്‌ ഉറക്കഗുളിക നല്‍കിയതായും ചുവന്ന മാരുതി കാറിലാണ്‌ തന്നെ ഇവിടേക്ക്‌ എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. തന്റെ സഹോദരി തിരുവനന്തപുരത്ത്‌ ഒരു അനാഥാലയത്തിലാണ്‌ ജോലി ചെയ്യുന്നതെന്നും പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. പ്രതികളെ കണ്ടെത്താനായി കൊട്ടാരക്കരയിലെ ലോഡ്ജുകളില്‍ പോലീസ്‌ പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.