അമേരിക്കയെ വെല്ലുവിളിച്ച്‌ ഉത്തരകൊറിയയുടെ മൂന്നാം ആണവപരീക്ഷണം

Tuesday 12 February 2013 11:26 pm IST

സോള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണം നടത്തി. ജപ്പാനോട്‌ ചേര്‍ന്നുകിടക്കുന്ന വടക്കന്‍ ഹാംജ്യോംഗ്‌ പ്രവിശ്യയിലെ ആണവനിലയത്തിന്‌ സമീപമാണ്‌ പരീക്ഷണം നടന്നത്‌. ആണവപരീക്ഷണം നടത്തിയെന്നും വിജയകരമായിരുന്നെന്നും ഉത്തരകൊറിയയുടെ കേന്ദ്രവാര്‍ത്താ ഏജന്‍സികളും സ്ഥിരീകരിച്ചു. ഉത്തരകൊറിയയുടെ നപടി ഐക്യരാഷ്ട്രസഭയേയും ദക്ഷിണകൊറിയ, ജപ്പാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളെയും പ്രകോപിപ്പിച്ചു. മുമ്പും വിവിധ രാജ്യങ്ങളുടെ എതിര്‍പ്പ്‌ മറികടന്ന്‌ 2006ലും 2009ലും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു.
ഉത്തരകൊറിയയില്‍ അസാധാരണമായി അനുഭവപ്പെട്ട ഭൂചലനം ആണവപരീക്ഷണത്തിന്റെ ഫലമാണെന്ന്‌ അയല്‍രാജ്യങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഭൂചലനങ്ങള്‍ പതിവില്ലാത്ത ഉത്തരകൊറിയയില്‍ ആണവപരീക്ഷണത്തിന്റെ പ്രതിഫലനമായാണ്‌ ഭൂചലനമുണ്ടായതെന്ന്‌ വിവിധ രാജ്യങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന്‌ ഉത്തരകൊറിയയുടെ ആണവറിയാക്ടറിന്റെ സമീപത്തായാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ ഐക്യരാഷ്ട്രസുരക്ഷാസമിതി കണ്ടെത്തുകയായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്‌ കൃത്രിമ സ്വഭാവമായിരുന്നെന്ന്‌ അമേരിക്കന്‍ ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്‌ വൃത്തങ്ങള്‍ പറഞ്ഞു.
ഭചലനം ആണവപരീക്ഷണത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ദക്ഷിണകൊറിയയും രംഗത്തുവന്നു. ആരോപണങ്ങളോട്‌ ആദ്യം പ്രതികരിക്കാതിരുന്ന ഉത്തരകൊറിയ പിന്നീട്‌ ആണവപരീക്ഷണം നടത്തിയകാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാപ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണ്‌ ഉത്തരകൊറിയ നടത്തിയതെന്ന്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. യുഎന്‍ പ്രമയത്തിന്റെ ലംഘനവും അംഗീകരിക്കാനാകാത്ത ഭീഷണിയുമാണ്‌ ഉത്തരകൊറിയയുടേതെന്ന്‌ ദക്ഷിണകൊറിയ പ്രതികരിച്ചു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി അടിയന്തരയോഗം ചേരണമെന്നും ദക്ഷിണകൊറിയ ആവശ്യപ്പെട്ടു. ഉത്തരകൊറിയ വീണ്ടും ഉടന്‍ ആണവപരീക്ഷണം നടത്തുമെന്ന്‌ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ച്‌ ജനുവരിയില്‍ ഉത്തരകൊറിയ ചിലസൂചനകളും നല്‍കിയിരുന്നു. 2012 ഡിസംബറില്‍ റോക്കറ്റ്‌ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്ക്‌ മേല്‍ അമേരിക്ക ശക്തമായ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ്‌ മൂന്നാമത്തെ ആണവപരീക്ഷണം. പരീക്ഷണം നടത്തുന്നതിനെ ജപ്പാന്‍ ശക്തമായി എതിര്‍ത്തിരുന്നെന്നും പരീക്ഷണം അപലപനീയമാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ എയ്ബ്‌ പ്രതികരിച്ചു.
എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി നടത്തിയ ആണവപരീക്ഷണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമാണെന്നാണ്‌ ഉത്തരകൊറിയയുടെ വാദം. ഉപരോധങ്ങള്‍ വക വയ്ക്കാതെ രാജ്യം ആണവപദ്ധതികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങ്‌ ഉന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
പ്രധാനമായും അമേരിക്കയെ ലക്ഷമാക്കിയാണ്‌ ഉത്തരകൊറിയയുടെ ആണവപദ്ധതികള്‍. എന്നാല്‍ ഉത്തരകൊറിയ നടത്തുന്ന പ്രകോപനം രാജ്യം ഒറ്റപ്പെടുന്നതിലേക്ക്‌ മാത്രമേ വഴി വയ്ക്കുകയുള്ളു എന്നാണ്‌ അമേരിക്കയുടെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.