തിരുവനന്തപുരം: 2012ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന് ശശികുമാര്‍ അര്‍ഹനായി. മലയാള സിനിമാ മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ജോണ്‍ എന്നാണ് ശശികുമാറിന്റെ യഥാര്‍ഥ പേര്. ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരതാമസമാണ്. 130 ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാര്‍ തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്തു. നാടക നടനായിട്ടായിരുന്നു ജോണ്‍ കലാരംഗത്തേക്ക് കടന്നുവന്നത്. പഠനത്തിന് ശേഷം അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. പിന്നീടാണ് സംവിധാന രംഗത്തേക്ക് കടക്കുന്നത്.
1927 ഒക്ടോബര്‍ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ എന്‍.എന്‍. വര്‍ക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ മൂന്നാമനാണ് ശശികുമാര്‍. ജോണ്‍ എന്നായിരുന്നു മാതാപിതാക്കള്‍ നല്കിയ നാമം. പിന്നീട് കുടുംബം പൂന്തോപ്പില്‍ നിന്നും ആലപ്പുഴയിലേക്കു താമസം മാറി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഫാ. മെക്കിള്‍ പ്രാ എന്ന മെക്സിക്കന്‍ രക്തസാക്ഷിയെക്കുറിച്ച് വായിച്ച പുസ്തകത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രേരണയാല്‍ ജീവാര്‍പ്പണം എന്ന നാടകം എഴുതി അവതരിപ്പിച്ചു.
എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി കോളേജ് വിദ്യാഭ്യാസം നടത്തി. എസ്.ഡി. കോളേജില്‍ ധനതത്വശാസ്ത്രം പഠിച്ച കാലയളവില്‍ നാടകത്തിലും സ്പോര്‍ട്സിലും സജീവമായിരുന്നു. 1954 കാലഘട്ടത്തില്‍ അടൂര്‍ പാര്‍ഥസാരഥി തിയറ്റേഴ്സില്‍ ജഗതി എന്‍.കെ. ആചാരിയുടെ നാടകത്തില്‍ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉദയായുടെ നിര്‍മ്മാണത്തില്‍ പ്രേംനസീറിനെ നായകനാക്കി 1952-ല്‍ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.
തിരമാല, ആശാദീപം, വേലക്കാരന് തുടങ്ങിയ ചില ചിത്രങ്ങളില്‍ ശശികുമാര്‍ അഭിനയിച്ചു. വേലക്കാരന് എന്ന ചിത്രത്തില്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്. ഒരേ സമയം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1977-ല്‍ മാത്രം 15 ചിത്രം സംവിധാനം ചെയ്തു. പാടാത്ത വീണയും പാടും ചിത്രമാണ് അവസാനമായി ചെയ്ത ചിത്രം. പ്രേംനസീറിനെ നായകനാക്കി മാത്രം 106 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു.
ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ശശികുമാറാണ്. സീത എന്ന ഈ ചിത്രത്തിലൂടെയാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയത്. ജയഭാരതി, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: