മെഡിക്കല്‍ പിജി പരീക്ഷാഫീസ്‌ വര്‍ധന പിന്‍വലിക്കണം: എബിവിപി

Wednesday 13 February 2013 11:43 pm IST

കൊച്ചി: ഫീസ്‌ വര്‍ധനവില്‍ പ്രതിഷേധിച്ച്‌ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ നടത്തുന്ന പഠിപ്പുമുടക്കിന്‌ എബിവിപി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സുഗമമായ നടത്തിപ്പിന്‌ വേണ്ടിയാണ്‌ കേരളാ ഹെല്‍ത്ത്‌ യൂണിവേഴ്സിറ്റി (കുഹാസ്‌) 2011 ല്‍ സര്‍ക്കാര്‍ ആരംഭിച്ചത്‌. എന്നാല്‍ ഇതിന്‌ വിപരീതമായി കുഹാസിന്റെ നടപടികള്‍ വിദ്യാര്‍ത്ഥികളെ ദോഷകരമായാണ്‌ ബാധിച്ചിരിക്കുന്നത്‌. ഇതുവരെ കേരള, എംജി, കാലിക്കറ്റ്‌ തുടങ്ങിയ സര്‍വകലാശാലകളില്‍ 800 രൂപ മാത്രമായിരുന്ന പിജി പരീക്ഷാഫീസ്‌ പതിന്മടങ്ങ്‌ വര്‍ധിപ്പിച്ച്‌ 8000 രൂപ ആക്കിയിരിക്കുകയാണ്‌. അതുപോലെതന്നെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ്‌ 20 മടങ്ങായി വര്‍ധിപ്പിച്ച്‌ 16,000 രൂപ ആക്കിയിരിക്കുന്നു. പരീക്ഷയുടെ ഭാഗമായി സമര്‍പ്പിക്കുന്ന തീസിസിന്‌ ഒരു ദിവസം താമസിച്ചാലുള്ള പിഴ 5000 രൂപയാണ്‌. ഇതുവഴി കേരളാ ഹെല്‍ത്ത്‌ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ പിഴിയുവാനാണ്‌ ശ്രമിക്കുന്നത്‌. കേരളത്തില്‍ പഠിക്കുന്ന മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്‌ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ തുച്ഛമായ സ്റ്റൈപ്പന്റാണ്‌ ലഭിക്കുന്നത്‌. ഇത്‌ അവരോട്‌ കാണിക്കുന്ന അനീതിയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ നിസ്തുലമായ സേവനം കാഴ്ചവെക്കുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ ആവശ്യം കണ്ടില്ലെന്ന്‌ നടിക്കാന്‍ സര്‍ക്കാരിനാവില്ല. പല പ്രൈവറ്റ്‌ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ചുള്ള സ്റ്റൈപ്പന്റ്‌ ലഭിക്കുന്നതുപോലുമില്ല. എല്ലാ പ്രൈവറ്റ്‌ കോളേജുകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള എന്‍ഒസി നല്‍കുന്നത്‌ കുഹാസ്‌ ആണ്‌. സ്വാശ്രയ വിദ്യാഭ്യാസ ലോബികളുമായി ചേര്‍ന്ന്‌ സ്റ്റൈപ്പന്റ്‌അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന്‌ സര്‍ക്കാര്‍ പിന്മാറണമെന്ന്‌ എബിവിപി സംസ്ഥാനസെക്രട്ടറി ഡോ.ബി.ആര്‍.അരുണ്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.