കര്‍ണാടക വനാതിര്‍ത്തിയില്‍ മാവോയിസ്റ്റ്‌ കേന്ദ്രം സ്ഥിരീകരിച്ചു; തിരച്ചില്‍ തുടരുന്നു

Wednesday 13 February 2013 11:44 pm IST

ചെറുപുഴ (കണ്ണൂര്‍): കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്തെ വനത്തിനുള്ളില്‍ മാവോയിസ്റ്റ്‌ സംഘം ക്യാമ്പ്‌ ചെയ്തതായി സ്ഥിരീകരിച്ചു. മാവോയിസ്റ്റുകള്‍ക്കായി ഇന്നലെ പുലര്‍ച്ചെ മുതല്‍ തിരച്ചില്‍ തുടങ്ങി. ഇന്റലിജന്റ്സ്‌ എഡിജിപി സെന്‍കുമാര്‍, കണ്ണൂര്‍ എഎസ്പി യദീഷ്ചന്ദ്ര, സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി പ്രജീഷ്‌ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സായുധപോലീസും കമാന്‍ഡോകളുമാണ്‌ ഇന്നലെ രാവിലെ മുതല്‍ വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്‌.
വൈകുന്നേരം വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. ചെറുപുഴ പഞ്ചായത്തിലെ കാനം വയല്‍ മുതല്‍ കര്‍ണാടക വനത്തിലെ മങ്കുണ്ടി എസ്റ്റേറ്റ്‌ വരെയുള്ള പത്ത്‌ കിലോമീറ്റര്‍ വനപ്രദേശത്താണ്‌ തിരച്ചില്‍ നടത്തിയത്‌.
കര്‍ഷക തൊഴിലാളികളെ ബന്ദികളാക്കിയ എസ്റ്റേറ്റിലെ വീടും ബംഗ്ലാവും പോലീസ്‌ തിരച്ചില്‍ നടത്തി. ഇവിടെ മാവോയിസ്റ്റ്‌ സംഘങ്ങള്‍ ക്യാമ്പ്‌ ചെയ്തതായി പോലീസ്‌ സ്ഥിരീകരിച്ചു. മാവോയിസ്റ്റുകള്‍ താമസിച്ച വീടും പോലീസ്‌ കണ്ടെത്തി. ഉള്‍ക്കാടുകളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചാല്‍ മാത്രമേ ഇവരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നാണ്‌ പോലീസിന്റെ നിഗമനം. രാവിലെ ആരംഭിച്ച തിരച്ചില്‍ വൈകിട്ടോടെ അവസാനിപ്പിക്കുകയായിരുന്നു.
ബന്ദികളാക്കിയ 10 പേരില്‍ നിന്നും പോലീസ്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു ദിവസം തങ്ങി ഭക്ഷണം കഴിച്ചു. അരിയും സാധനങ്ങളും കിട്ടിയതിന്‌ ശേഷം പിറ്റേദിവസം രാത്രി ഒമ്പതരയോടെ മാവോയിസ്റ്റ്‌ സംഘം തിരിച്ചുപോവുകയായിരുന്നുവെന്നാണ്‌ ഇവര്‍ പോലീസിനോട്‌ പറഞ്ഞത്‌.
മാവോയിസ്റ്റുകളുടെ കയ്യില്‍ തോക്കുകളും ബാഗുകളും ഉള്ളതായും ആറ്‌ പേരില്‍ ഒരു സ്ത്രീയും ഒരു മലയാളിയും ഉള്ളതായും ബന്ദികളാക്കപ്പെട്ടവര്‍ പറഞ്ഞു. മാവോയിസ്റ്റ്‌ സംഘത്തിലെ മലയാളി വയനാട്‌ സ്വദേശിയാണെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. ഇയാളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായും പോലീസ്‌ പറഞ്ഞു. ഇതേതുടര്‍ന്ന്‌ പോലീസ്‌ വയനാട്‌ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്‌.
40 ഓളം പേരുള്ള സംഘമാണിതെന്നും ഇവരുടെ കയ്യില്‍ എകെ 47 അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ ഉണ്ടെന്നുമാണ്‌ പോലീസിന്റെ നിഗമനം. കര്‍ണാടകയുടെയും കേരളത്തിന്റെയും പോലീസ്‌ സേനകള്‍ സംയുക്തമായി തിരച്ചില്‍ നടത്താനാണ്‌ തീരുമാനം. അതേസമയം മാവോയിസ്റ്റുകള്‍ തലക്കാവേരി ഭാഗത്തേക്ക്‌ നീങ്ങിയതായും കര്‍ണാടക പോലീസിന്‌ സൂചനയുണ്ട്‌. ഇതേ തുടര്‍ന്ന്‌ കര്‍ണാടക പോലീസിന്റെ 4 ബറ്റാലിയന്‍ കമാന്‍ഡോകളെ വനപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്‌.
കണ്ണൂര്‍, വയനാട്‌ ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളോട്‌ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കുവാനും പോലീസ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. വനാതിര്‍ത്തി പ്രദേശങ്ങളിലെ പോലീസ്‌ സ്റ്റേഷനുകള്‍ അക്രമിക്കുവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം കണ്ണൂരിലെ കേളകം, ആറളം, കരിക്കോട്ടക്കരി, ഇരിട്ടി, പെരിങ്ങോം സ്റ്റേഷനുകള്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തി.
സംശയാസ്പദമായ എന്ത്‌ കണ്ടാലും വിവരം അറിയിക്കുവാനും പോലീസ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. അതിര്‍ത്തി പ്രദേശങ്ങളെല്ലാം കമാന്‍ഡോകളുടെ നിയന്ത്രണത്തിലാണ്‌. തിരച്ചില്‍ ഇന്നും തുടരുമെന്ന്‌ പോലീസ്‌ അറിയിച്ചു.
** സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.