ഒരു കൃഷ്ണഗാഥ കൂടി

Wednesday 27 July 2011 11:45 pm IST

ഇതൊരു ഗ്രന്ഥത്തെക്കുറിച്ചാണ്‌. മൂന്ന്‌ ദിവസം മുമ്പ്‌ പ്രകാശനം ചെയ്യപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചുള്ള ഈ കുറിപ്പ്‌, പക്ഷേ ഒരു പുസ്തകാവലോകനമല്ല. പുസ്തകം മുഴുവന്‍ മനസ്സിരുത്തി വായിച്ച്‌ തീര്‍ക്കാനുള്ള സമയമോ സാവകാശമോ ലഭിക്കാത്തതിനാലാണ്‌ ഇതൊരു പുസ്തകാവലോകനമല്ലെന്ന മുന്‍കൂര്‍ ജാമ്യം എടുക്കുന്നത്‌. പുസ്തകപ്രകാശന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വാക്കുകളില്‍, വിശ്വസാഹിത്യ സാഗരത്തിലുടനീളം തുഴഞ്ഞു നടക്കേണ്ട ഒരു നൗകയാണ്‌ കോവളം കടല്‍ത്തീരത്തുനിന്ന്‌ കഴിഞ്ഞദിവസം കടലിലിറക്കിയ (ലോഞ്ച്‌ ചെയ്ത) ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ആത്മകഥ. അതൊരു വിജയഗാഥയാണ്‌. എല്ലാ അര്‍ത്ഥത്തിലും ഒരു വടക്കന്‍ വിജയഗാഥ. കണ്ണൂരെ ഒരു പാവപ്പെട്ട കുടുംബത്തിലെ എട്ട്‌ മക്കളില്‍ ഒരാളാണ്‌ കൃഷ്ണന്‍ നായര്‍. വസുദേവ-ദേവകിമാരുടെ എട്ടാമത്തെ സന്തതിയായിരുന്നു ഭഗവാന്‍ കൃഷ്ണന്‍. കൃഷ്ണന്റെ വിജയഗാഥയാണ്‌ ചെറുശ്ശേരിയുടെ വിഖ്യാതമായ 'കൃഷ്ണഗാഥ'. വിശ്വവിശ്രുത ഹോട്ടല്‍ ഗ്രൂപ്പായ 'ലീല'യുടെ സ്ഥാപകാധ്യക്ഷനും അമരക്കാരനുമായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ വിജയഗാഥയ്ക്ക്‌ പേരിട്ടിരിക്കുന്നതും 'കൃഷ്ണലീല'യെന്നാണ്‌. പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തി കഴിഞ്ഞ തിങ്കളാഴ്ച കോവളത്തെ ലീലാ ഹോട്ടലില്‍ വച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 'കൃഷ്ണലീല' പുറത്തിറക്കി. ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെക്കുറിച്ച്‌ ഇതിന്‌ മുമ്പും ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്‌. രണ്ടുവര്‍ഷം മുമ്പാണത്‌. ആതിഥേയ വ്യവസായരംഗത്തെ ഈ അതികായനെക്കുറിച്ച്‌ ഒട്ടേറെ കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ എനിക്ക്‌ ആദ്യമായി കാണാനും ആശയവിനിമയം നടത്താനും കഴിഞ്ഞത്‌ അപ്പോഴാണ്‌. ക്യാപ്റ്റന്‍ നായരുടെ കണ്ണൂരിലെ വസതിയിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുപോയത്‌, ആദ്യകാലങ്ങളില്‍ അദ്ദേഹത്തോടൊപ്പം 'ലീല'യില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.എസ്‌.നായരാണ്‌. പരിചയപ്പെടുത്തുന്നതിന്‌ മുമ്പ്‌ തന്നെ എന്റെ മുഖം തനിക്ക്‌ പരിചയമുണ്ടെന്ന്‌ ക്യാപ്റ്റന്‍ നായര്‍ പറഞ്ഞപ്പോള്‍ കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ കേരളത്തിന്റെ ഈ മഹാനായ പുത്രനെ ഇതിനുമുമ്പ്‌ ഒരിക്കല്‍പ്പോലും കാണാന്‍ ശ്രമിച്ചില്ലല്ലോ എന്നതില്‍ എനിക്ക്‌ കുറ്റബോധം തോന്നി. മഹാനെന്ന്‌ ക്യാപ്റ്റന്‍ നായരെ ഇവിടെ വിശേഷിപ്പിച്ചത്‌ മനഃപൂര്‍വമാണ്‌. മൂന്നുതരം മഹാന്മാരെക്കുറിച്ചാണ്‌ ഷേക്സ്പിയര്‍ പറഞ്ഞുവെച്ചിട്ടുള്ളത്‌- മഹാന്മാരായി ജനിക്കുന്നവര്‍, മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നവര്‍, മഹത്വം ആര്‍ജിക്കുന്നവര്‍. മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നവര്‍ നമുക്കിടയില്‍ ഇന്ന്‌ ധാരാളമാണ്‌. മഹാന്മാരായി ജനിക്കുന്നവരും മഹത്വം ആര്‍ജിക്കുന്നവരും വളരെ വിരളവും. ചിത്തരത്ത്‌ പൂവക്കാട്ട്‌ കൃഷ്ണന്‍ നായര്‍ മഹത്വം ആര്‍ജിക്കുകയായിരുന്നു. ആ ചരിത്രമാണ്‌ 'കൃഷ്ണലീല' അവതരിപ്പിക്കുന്നത്‌. എന്തുകൊണ്ടാണെന്നറിയില്ല, വളരെ വൈകിയാണ്‌ പരിചയപ്പെട്ടതെങ്കിലും ക്യാപ്റ്റന്‍ നായര്‍ക്ക്‌ എന്നോട്‌ എന്തോ ഒരു പ്രത്യേക സ്നേഹമുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. എപ്പോള്‍ കേരളത്തിലെത്തിയാലും എത്ര തിരക്കിലാണെങ്കിലും അദ്ദേഹം വരുന്ന വിവരം എന്നെ അറിയിക്കാറുണ്ട്‌. ലേഖനങ്ങളിലോ ചാനല്‍ ചര്‍ച്ചകളിലോ വല്ലപ്പോഴും എന്റെ അഭിപ്രായങ്ങള്‍ കാണാനിടയായാലുടനെ അദ്ദേഹം പ്രതികരണം അറിയിക്കാറുണ്ട്‌. അദ്ദേഹത്തിന്റെയോ ലീലാ ഗ്രൂപ്പിന്റേതോ ആയ എന്ത്‌ പരിപാടിക്കും എന്നെ ക്ഷണിക്കുന്നു. 'കൃഷ്ണലീല'യുടെ പ്രകാശനത്തിനും എന്നെ ക്ഷണിച്ചു. വ്ധ്യവും വൈരുദ്ധ്യവും നിറഞ്ഞ ജീവിതാനുഭവങ്ങള്‍ ആത്മകഥയായി അവതരിപ്പിക്കണമെന്ന്‌ രണ്ടുവര്‍ഷം മുമ്പ്‌ അദ്ദേഹത്തോട്‌ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യവസായോത്സുകതയില്‍ വളരെ പിന്നിലായ മലയാളികള്‍ക്ക്‌ അതൊരു വഴികാട്ടിയും പാഠപുസ്തകവുമാവും എന്നതിനാലായിരുന്നു ആ അഭ്യര്‍ത്ഥന. ആത്മകഥാ പദ്ധതിയെക്കുറിച്ച്‌, ക്യാപ്റ്റന്‍ നായരുടെ നിര്‍ദേശപ്രകാരം, അദ്ദേഹത്തിന്റെ സ്പെഷ്യല്‍ പ്രോജക്ടിന്റെ ചുമതല വഹിക്കുന്ന മുന്‍ അമൃതാ ടിവി സിഇഒ സുധാകര്‍ ജയറാം, കുറേ മണിക്കൂറുകള്‍ ഞാനുമായി ഏതാനും മാസം മുമ്പ്‌ ചര്‍ച്ച ചെയ്തിരുന്നു. ഒടുവിലിതാ, പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അത്‌ പുറത്തുവന്നിരിക്കുന്നു. പക്ഷേ അത്‌ അപൂര്‍ണമാണെന്ന്‌ ഞാന്‍ പറയും. കാരണം ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ വിജയഗാഥ പൂര്‍ണമാവണമെങ്കില്‍ ഇനിയുമേറെ വാള്യങ്ങള്‍ വേണം. ക്യാപ്റ്റന്‍ നായരെ കേരളം ഇനിയും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നും അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന്‌ നല്‍കിയിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മറിച്ച്‌ നിന്ദയല്ലേ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‌ നാട്ടില്‍നിന്ന്‌ കിട്ടിയിട്ടുള്ളത്‌? പ്രതിഭകളെ തിരിച്ചറിയാനും അവരെ അംഗീകരിക്കാനും പ്രബുദ്ധമെന്ന്‌ അഭിമാനിക്കുന്ന കേരളത്തിനെന്തോ വൈമനസ്യമുണ്ട്‌. കഴിയുമെങ്കില്‍ വിവാദത്തില്‍പ്പെടുത്തി അവരെ അവഹേളിക്കുന്നതിലും ആട്ടിയകറ്റുന്നതിലുമാണ്‌ നമുക്ക്‌ ആവേശം. എം.കെ.കെ.നായരുടെയും കെ.പി.പി.നമ്പ്യാരുടെയുമൊക്കെ തിക്താനുഭവങ്ങള്‍ നമുക്ക്‌ മുമ്പിലുള്ളപ്പോള്‍ 'കൃതഘ്നതേ നിന്റെ പേരോ കേരളം' എന്ന്‌ ചിന്തിച്ചുപോകും. ക്യാപ്റ്റന്‍ നായരുടെയും കേരളാനുഭവം വ്യത്യസ്തമല്ല. കോവളത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടല്‍ ആരംഭിച്ച അദ്ദേഹത്തിനെ വിവാദത്തിലേക്ക്‌ വലിച്ചിഴക്കുകയായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും. നിയമയുദ്ധങ്ങള്‍ നിരവധി വേണ്ടിവന്നു അദ്ദേഹത്തിന്‌ ഇവിടെ ചുവടുറപ്പിക്കാന്‍. കണ്ണൂരില്‍ വിമാനത്താവളം വികസിപ്പിക്കുന്നതിന്‌ ക്യാപ്റ്റന്‍ നായര്‍ നീട്ടിയ സഹായഹസ്തം നിര്‍ദയം തട്ടിത്തെറിപ്പിക്കുകയായിരുന്നു കേരളം. ക്യാപ്റ്റന്‍ നായരെക്കുറിച്ച്‌ ഞാനാദ്യം കേള്‍ക്കുന്നത്‌ എം.പി.നാരായണപിള്ളയില്‍നിന്നാണ്‌. മുംബൈയിലെ സഹര്‍ വിമാനത്താവളത്തിന്‌ സമീപം വന്‍കിട ഹോട്ടല്‍ പണിയാനുള്ള മലയാളിയുടെ സാഹസത്തെ തകര്‍ക്കാന്‍ മഹാരാഷ്ട്ര ലോബി നടത്തിയ ഹീനശ്രമങ്ങളെ എണ്‍പതുകളില്‍ തുറന്നുകാണിച്ചത്‌ നാരായണപിള്ളച്ചേട്ടന്‍ 'കലാകൗമുദി'യിലൂടെയാണ്‌. കേരളവും കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും കേരളീയനായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെ പ്രതിരോധിക്കേണ്ടതാണെന്ന്‌ നാരായണപിള്ളച്ചേട്ടന്‍ അന്നെഴുതി. തോറ്റ്‌ പിന്‍വാങ്ങുകയെന്നത്‌ കൃഷ്ണലീലയല്ല. വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റുകയെന്നതാണ്‌ കൃഷ്ണലീല. മഹാരാഷ്ട്ര ലോബിയുടെ വെല്ലുവിളി മഹത്തായൊരു അവസരമായാണ്‌ ക്യാപ്റ്റന്‍ നായര്‍ കണ്ടത്‌. അമ്പതുകളില്‍ ബുഡാപെസ്റ്റിലെ കെമ്പിന്‍സ്കി ഹോട്ടലില്‍ ഒരു ഇന്റര്‍നാഷണല്‍ ഹാന്റ്ലൂം ട്രെയ്ഡ്‌ ഡെലിഗേഷനിലെ അംഗമായി തങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ മനസ്സിലുയര്‍ന്ന ഇതുപോലൊന്ന്‌ ഇന്ത്യയിലും വേണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനാണ്‌ ആ അവസരം അദ്ദേഹം വിനിയോഗിച്ചത്‌. അതുകൊണ്ട്‌ കേരളം അദ്ദേഹത്തിന്‌ പുതിയ വെല്ലുവിളി ഉയര്‍ത്തുകയാണ്‌. അതായത്‌ പുത്തന്‍ അവസരങ്ങളെന്നര്‍ത്ഥം. ഒരു കോവളം ഹോട്ടലില്‍ മാത്രം ഒതുങ്ങുന്നതല്ല ക്യാപ്റ്റന്‍ നായരുടെ കേരളത്തിലെ സ്വപ്നം. കൂടുതല്‍ കൃഷ്ണലീലക്കായി കേരളവും കേരളീയരും കാത്തിരിക്കുന്നു. അതിന്‌ അരങ്ങൊരുക്കേണ്ടത്‌ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരുമാണ്‌. ഹരി എസ.്‌ കര്‍ത്താ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.