ക്ഷേത്രസ്വത്തുക്കള്‍ക്ക്‌ സംഭവിക്കുന്നത്‌

Wednesday 27 July 2011 11:46 pm IST

ചരിത്രപരവും പുരാവസ്തുപ്രാധാന്യമുള്ളതുമായ സങ്കേതങ്ങള്‍, ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഭവിഷ്യത്തുകള്‍ നാം ധാരാളം അനുഭവിച്ചിട്ടുണ്ട്‌. പത്മനാഭക്ഷേത്രത്തിന്റെ പ്രതിബിംബക്ഷേത്രമായ ചരിത്രപ്രസിദ്ധമായ തിരുവട്ടാര്‍ ആദികേശവപ്പെരുമാളിന്റെ ഇന്നത്തെ അവസ്ഥ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ മേല്‍നോട്ടപ്പിശകിന്റെ തിക്തഫലമാണ്‌. ആര്‍ക്കോട്ടു നവാബും ടിപ്പുവുമൊക്കൊ കൊണ്ടുപോയതിന്റെ ബാക്കിമുതല്‍ ഒതുക്കാന്‍, ആധുനികഭരണസംവിധാനം സാഹചര്യം ഒരുക്കി. കേരളത്തിലെ പല മഹാക്ഷേത്രങ്ങളിലും തിരുവാഭരണങ്ങളും, കുംഭങ്ങളും, ഗോളക-അങ്കി, തിടമ്പുകള്‍, ഉദരബന്ധം, ഒഢ്യാണം, ചന്ദ്രക്കലക്കൂട്ടം, സ്വര്‍ണ്ണ-രജതപൂജാപാത്രങ്ങള്‍, സുവര്‍ണ്ണ-വെള്ളിവിളക്കുകള്‍, താലങ്ങള്‍ എന്നിവയും ധാരാളമായുണ്ട്‌. തിരുവിതാംകൂറില്‍ ദേവസ്വം ഭരണം വന്നശേഷം പഴയഊരായ്മ, കാരാഴ്മ കുടുംബങ്ങള്‍ പ്രതിഫലം തുച്ഛമായിരുന്നിട്ടും, ഭക്ത്യാദരപൂര്‍വ്വം നിര്‍വഹിച്ചുപോന്ന ഈ മുതലുകളുടെ സംരക്ഷണം ദേവസ്വത്തിലേക്ക്‌ ഏല്‍പിച്ചു. അതിനുശേഷം ഇവയൊന്നും പക്ക/ആട്ട വിശേഷങ്ങള്‍ക്ക്‌ പോലും ഉപയോഗത്തിന്‌ എടുക്കുന്ന പതിവിന്‌ ലോപം വന്ന്‌, പലയിടത്തും നിന്നു പോവുകയും ചെയ്തു. ക്ഷേത്രസ്വത്ത്‌ സ്റ്റ്രോംഗ്‌ റൂമില്‍ ദേവസ്വം പോലീസിന്റെ അകമ്പടിയോടെ ഭദ്രമായി ഇരിക്കുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. അതത്‌ ദേശങ്ങളിലെ കാരാഴ്മക്കാര്‍ മണ്‍മറയുന്ന മുറയ്ക്ക്‌ ഇവ കാണാതെ പോയിത്തുടങ്ങി. അടുത്തകാലത്ത്‌ മാധ്യമശ്രദ്ധപിടിച്ചുപറ്റിയ തൃപ്പൂണിത്തുറ ക്ഷേത്രസംഭവം ഇതിന്‌ ഉദാഹരണം. പൂര്‍ണ്ണതൃയീശന്റെ തങ്കത്തിടമ്പിന്റെ അലങ്കാരക്കുട കാണാനില്ലത്രേ. ഇത്‌ കൊച്ചിരാജാവ്‌ നല്‍കിയ സമര്‍പ്പണമാണ്‌. രാജാവാകട്ടെ പ്രജാക്ഷേമത്താല്‍ ക്ഷേത്രത്തിലെ 15 സ്വര്‍ണ്ണനെറ്റിപ്പട്ടങ്ങളില്‍ 14 എണ്ണവും വിറ്റ്‌ 1902-ല്‍ ഷൊര്‍ണ്ണൂര്‍ - എറണാകുളം റെയില്‍പാത പണിതു. അദ്ദേഹത്തിന്‌ ഈ നിധി കൈക്കലാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുതല്‍ ഇതാ ദേവസ്വം മേല്‍നോട്ടത്തില്‍ ഇല്ലാതായിരിക്കുന്നു. തിരുവനന്തപുരത്തെ കൊട്ടാരക്കെട്ടുകളില്‍ നിന്ന്‌ മ്യൂസിയത്തിന്‌ സംഭാവന ചെയ്ത വിലമതിക്കുന്ന രവിവര്‍മ്മ ചിത്രങ്ങള്‍ ബഹുഭൂരിപക്ഷവും കാണാതായ വിവരം അടുത്തയിടെ വാര്‍ത്തയില്‍ വായിച്ചു. ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തിലെ വെള്ളോടില്‍ തീര്‍ത്ത വിളക്കുമരങ്ങള്‍ (20-30 അടി പൊക്കം) ദേവസ്വം ഭരണത്തില്‍ മുങ്ങിയതോര്‍ത്ത്‌, അന്നാട്ടുകാരുടെ കണ്ണീരും പ്രതിഷേധവും ഇതുവരെ അവസാനിച്ചിട്ടില്ല. അവിടെയുമുണ്ട്‌ സ്വര്‍ണ്ണഅങ്കിയും, രത്നഖചിത കുണ്ഡലങ്ങളും, സ്വര്‍ണ്ണവേലും, കുംഭങ്ങളും, സുവര്‍ണ്ണമയൂരവാഹനവും തിടമ്പുമൊക്കെ. തൃശൂര്‍ ഊരകം ക്ഷേത്രത്തിലെ പണ്ടങ്ങളുടെ തിരോധാനവും സമീപകാലത്തുതന്നെ സംഭവിച്ചതാണ്‌. വൈക്കം പെരുംതൃക്കോവില്‍ കൊടിമര പ്രതിഷ്ഠയോടനുബന്ധിച്ച്‌ ഷഠാധാരത്തില്‍ നിന്നും പുറത്തെടുത്ത നിധി പുരാവസ്തുവെന്ന്‌ പറഞ്ഞ്‌ കടത്താനുള്ള ശ്രമം തന്ത്രി ശക്തമായി തടഞ്ഞതിനെതുടര്‍ന്ന്‌ ഉപേക്ഷിക്കപ്പെട്ടു. വേണാട്‌ രാജാക്കന്‍മാര്‍ നടക്കുവെച്ചതും, ഏറ്റുമാനൂരപ്പന്റെ കണി കാഴ്ചകളുമായ, സ്വര്‍ണ്ണച്ചേന, സ്വര്‍ണ്ണവാഴക്കുല, പാക്കിന്‍കുല, നാദസ്വരം, സ്വര്‍ണ്ണനാണയങ്ങള്‍ എന്നിവ നഷ്ടപ്പെട്ടുപോയത്‌ ദേവസ്വം ഭരണത്തിന്റെ ആദ്യദശകങ്ങളിലാണെന്ന്‌ പറയപ്പെടുന്നു. ഇനിയും ഏഴരപ്പൊന്നനയും മറ്റും ആയുസെണ്ണി അവിടെയുറങ്ങുന്നുണ്ട്‌. തിരുവനന്തപുരം ജില്ലാ കോടതി / ഹൈക്കോടതി എന്നിവയുടെ ഉത്തരവിന്‍മേല്‍ ക്ഷേത്രം ഏറ്റെടുക്കുമെന്ന്‌ മന്ത്രി സുധാകരന്‍ മുമ്പ്‌ പറഞ്ഞിരുന്നു. പിന്നീട്‌ ആ പ്രസ്താവന തിരുത്തുകയും മഹാരാജാവിനെക്കണ്ട്‌ രാജകുടുംബത്തിനെ പ്രശംസിച്ച്‌ പറയുകയും ഒക്കെയുണ്ടായി. പക്ഷേ ഇതേ മന്ത്രിതന്നെ പലവട്ടം ദേവസ്വം ബോര്‍ഡിനേയും, അതിലെ ജീവനക്കാരെയും പറ്റി പറഞ്ഞ പുലഭ്യങ്ങള്‍ പത്രങ്ങള്‍ ആഘോഷിച്ച്‌ എഴുതിയിരുന്നു. ശര്‍ക്കര മുതല്‍ വിഗ്രഹം വരെ കക്കുന്നവരും അമ്പലത്തിന്റെ അസ്ഥിവാരം തോണ്ടുന്നവരുമാണ്‌ ദേവസ്വപ്രഭൃതികള്‍ എന്ന പൊതുസമൂഹത്തിന്റെ ധാരണയെ സുധാകരന്‍ അടിവരയിട്ടുറപ്പിച്ചു. അവസാനം പ്രസംഗിച്ച്‌ നടന്ന്‌ അഴിമതിക്കറ പുരളാത്ത സുധാകരന്‌ ദേവസ്വം മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഇതിന്‌ ചരടുവലിച്ചത്‌ ദേവസ്വം ബോര്‍ഡിലെ ഇടതുപക്ഷസഹയാത്രികര്‍ ആയിരുന്നു! ബോര്‍ഡുകളില്‍ കിട്ടുന്ന വരുമാനത്തിന്റെ സിംഹഭാഗവും ദേവസ്വം മരാമത്ത്‌ എന്ന അഴിമതി ചാലിലൂടെ ഒഴുകി അസ്തമിക്കുകയാണ്‌. അതും ക്ഷേത്രഗാത്രത്തെ അതിന്റെ ശില്‍പഭംഗിക്ക്‌ വ്രണം ഉണ്ടാക്കുന്ന നിര്‍മ്മാണങ്ങള്‍ക്ക്‌ വേണ്ടി. ക്ഷേത്രങ്ങളുടെ വാസ്തുപരമായ അംശങ്ങളെ കണക്കിലെടുക്കാതെ, ക്ഷേത്രശരീരത്തിന്റെ കേരളീയശില്‍പ മാതൃകയ്ക്ക്‌ ഒട്ടും അനുരൂപമല്ലാത്ത അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസ്‌, സദ്യാലയം, ആഡിറ്റോറിയം, അലങ്കാരഗോപുരം, നടപ്പന്തല്‍ എന്നൊക്കെപ്പറഞ്ഞ്‌ ആണ്ടോടാണ്ട്‌ ദേവസ്വങ്ങള്‍ കോടികള്‍ വെട്ടിച്ചുതിന്നുന്നു. ആശാരിയും, ശില്‍പിയും, തച്ചനുമല്ലാതെ ക്ഷേത്രം പണിക്ക്‌ എന്തിനാണ്‌ സിവില്‍ എന്‍ജിനീയറും ഡ്രാഫ്റ്റ്മാനുമൊക്കെ. ഇവരുടെ ചെയ്തികള്‍ ക്ഷേത്രത്തിന്റെ സൗന്ദര്യത്തെ കെടുത്തുന്നു എന്നു മാത്രമല്ല പഴയ ചെമ്പുതകിടില്‍ പൊതിഞ്ഞ ശ്രീകോവിലിനോ നാലമ്പലങ്ങള്‍ക്കോ ഒപ്പം ഈടില്ലാത്ത സിമന്റ്‌ കാടുകളായി ചോര്‍ന്ന്‌ ഒലിക്കുകയാണ്‌. പകല്‍കൊള്ളയുടെ കേദാരങ്ങളാണ്‌ സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡുകള്‍. ഈ ദേവസ്വം ബോര്‍ഡെന്ന ഈജിയന്‍ തൊഴുത്തില്‍ പത്മനാഭസ്വാമിയേയും തളക്കണമെന്നാണോ? ദേവസ്വം ബോര്‍ഡുകള്‍ തൊട്ടശുദ്ധമാക്കാത്ത ഊരാഴ്മ ക്ഷേത്രങ്ങളായ - മണ്ണാറശാല, കുമാരനെല്ലൂര്‍, തിരുവൈരാണിക്കുളം, പാമ്പുമേക്കാട്‌, പനച്ചിക്കാട്‌, കാടാമ്പുഴ എന്നിവിടങ്ങളിലും ആറ്റുകാലും കരിക്കകത്തും ചക്കുളത്തുകാവിലും സ്വത്തുക്കള്‍ ഭക്തി വിശ്വാസത്താലും സമര്‍പ്പണബോധത്താലും സൂക്ഷിച്ചുവച്ചുകൊണ്ട്‌ അവ ഉപയോഗത്തിനെടുക്കുന്നതും കാണാനുണ്ട്‌. ശ്രീ പത്മനാഭസ്വാമിയുടെ സ്വത്ത്‌ പരിശോധിക്കാനെത്തിയ സംഘവും പോലീസ്‌ ഉദ്യോഗസ്ഥരും ക്ഷേത്രാചാരങ്ങളും വസ്ത്രധാരണരീതിയും പാലിച്ചു എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌. രഹസ്യങ്ങള്‍ പരസ്യപ്പെടുത്തിയത്‌ കോടതി നിര്‍ദ്ദേശാനുസരണം ആയിരുന്നില്ല എന്ന്‌ മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. പക്ഷേ ഈ കാര്യത്തില്‍ വ്യാകുലരും വ്യഥിതഹൃദയരുമായ ഭക്തജനത്തിനും വിശ്വാസി സമൂഹത്തിനുംവേണ്ടി, സംഘാംഗങ്ങള്‍ അനന്തശായിക്ക്‌ മുന്നില്‍, പൊന്നും പണവും വച്ച്‌ വിളിച്ച്‌ ചൊല്ലി പ്രായശ്ചിത്തം നടത്തണം. ചില അനിഷ്ടസംഭവങ്ങള്‍ ലക്ഷണമായി കണ്ടുതുടങ്ങിയിട്ടുണ്ടല്ലോ. ഒരു ദേവപ്രശ്നം അഥവാ ദേവഹിതം നോക്കിയാല്‍ മേല്‍പ്പറഞ്ഞ ആവശ്യം തെളിഞ്ഞുവന്നേക്കാം. ഈ വിഷയം കോടതിയിലെത്തിച്ച ചില വ്യക്തികളുടെ വ്യക്തി താത്പര്യങ്ങളാണ്‌ ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക്‌ നയിച്ചതെന്നാണ്‌ മതിലകത്തും പുറത്തും പടരുന്ന കിംവദന്തികള്‍. അങ്ങനെയുള്ള വ്യക്ത്യധിഷ്ഠിതമായ വിദ്വേഷത്തെ ഒരു പൊതുതാത്പര്യവിഷയമായി ബഹുമാനപ്പെട്ട കോടതി കരുതിപ്പോയിട്ടുണ്ടോ? ഏതായാലും അനേകം ഭക്തരേയും, വിശ്വാസികളേയും ദുഃഖത്തിലാക്കി, പ്രശാന്തമായിരുന്ന ക്ഷേത്രമതിലകത്തേയ്ക്ക്‌ അശാന്തിയുടെ ദൂതരായി എത്തിയ പരിശോധക സംഘത്തോടും വേണ്ട സമയത്ത്‌ അവര്‍ക്ക്‌ താക്കീത്‌ നല്‍കാതിരുന്ന കോടതിയോടും വ്യസനസമേതം പരിഭവിക്കുന്നു. ഏതാണ്ട്‌ 300 വര്‍ഷത്തോളം, 1729 മുതല്‍ 1956 വരെ രാജഭരണകാലത്തും തുടര്‍ന്നും ഇവ സുരക്ഷിതമായി ഇരിക്കുകയും ക്ഷേത്രാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുകയും ചെയ്തു. ഇതിനെ പുറംലോകമറിയാന്‍ ഇടവരുത്തിയ നമ്മുടെ ന്യായാധിപന്‍മാര്‍ക്ക്‌ അവയുടെ സുരക്ഷ ഉറപ്പാക്കേണ്ട കടമയും ഉണ്ട്‌. സുപ്രീം കോടതി ആധുനിക സംവിധാനത്തിന്‌ ഏര്‍പ്പാട്‌ ചെയ്യണം. സുരക്ഷാഭടന്മാരോ മറ്റുദ്യോഗസ്ഥരോ ക്ഷേത്രാചാര മര്യാദകള്‍ തടസ്സപ്പെടുത്താതെ മതിലകത്തെ ശാന്തതയ്ക്ക്‌ ഭംഗം വരുത്താതെ കൃത്യങ്ങള്‍ നിര്‍വ്വഹിക്കണം. രാജാക്കന്മാരോ ദിവാന്‍മാരോ മറ്റ്‌ രാജപ്രഭൃതികളോ ഒറ്റമുണ്ടുടുത്ത്‌ തലകുനിച്ചല്ലാതെ ക്ഷേത്രത്തിനകത്ത്‌ കടന്ന ചരിത്രമില്ല. ഓഫീസും കസേരകളും പോലും മതിലിന്‌ പുറത്തുമാത്രം. (ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കിഴക്കേ ഗോപുരത്തിന്റെ ഇരുവശവുമുള്ള കളത്തട്ടില്‍ മേശയും കസേരയുമിട്ട്‌ കാലിന്‍മേല്‍ കാലുവെച്ച്‌ ഇരിക്കുന്ന ആപ്പീസര്‍മാരെ കണ്ടാല്‍ സാക്ഷാല്‍ ഗുരുവായൂരപ്പനും മേലെയാണ്‌ അവരുടെ സ്ഥാനം എന്ന്‌ തോന്നും). അകത്തു കടക്കുന്ന ഏതൊരാളും കേരളീയമായ ശുഭ്രവസ്ത്രമല്ലാതെ മറ്റൊരു യൂണിഫോമും ധരിക്കാന്‍ പാടുള്ളതല്ല. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശാലീനസുഭകമായ അന്തരീക്ഷത്തിന്‌ മാറ്റുകൂട്ടാനായി പുരുഷന്മാര്‍ക്ക്‌ മുണ്ടും ഷാളും സ്ത്രീകള്‍ക്ക്‌ സെറ്റ്മുണ്ടോ, കേരളസാരിയോ തന്നെ നിര്‍ബന്ധമാക്കണം. അല്ലാതെ മറ്റൊരു വേഷവിധാനത്തോടെ ഒരു കാലത്തും രാജാക്കന്മാരോ, രാജകുടുംബാംഗങ്ങളോ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടില്ല. ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സമിതി ഉപാദ്ധ്യക്ഷനാണ്‌ ലേഖകന്‍ ശ്രീകുമാരശര്‍മ്മ. കെ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.