തെക്കന്‍ കൊറിയയില്‍ മണ്ണിടിഞ്ഞ്‌ പത്ത്‌ മരണം

Thursday 28 July 2011 10:44 am IST

കൊറിയ: കൊറിയയുടെ വടക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന്‌ മണ്ണിടിഞ്ഞുവീണ്‌ പത്തിലേറെ പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായിട്ടുണ്ട്‌. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍നിന്നും നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തി. ഇവരെ കിഴക്കന്‍ സിയോളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചു. അര്‍ദ്ധരാത്രിയോടുകൂടി ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ഹോട്ടലുകളും കോഫി ഹൗസുകളും റെസ്റ്റോറന്റുകളും തകര്‍ന്നു. ചിന്‍ചിയോണില്‍ കഴിഞ്ഞദിവസം 250 മില്ലിമീറ്ററിന്‌ മുകളില്‍ മഴ രേഖപ്പെടുത്തിയിരുന്നു.
അപകടത്തിനിരയായവരില്‍ പത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു ഇവര്‍. വലിയ ശബ്ദത്തോടെയാണ്‌ മണ്ണിടിച്ചില്‍ ഉണ്ടായത്‌. എന്നാല്‍ ഇത്‌ ട്രെയിന്‍ വരുന്നതാണെന്ന്‌ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന്‌ അപകടത്തിനിരയായ ലി ബിയോണ്‍ സീക്ക്‌ പറഞ്ഞു.