ഹവാന: അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്രാന്മയുടെ വ്യാഴാഴ്ചത്തെ പതിപ്പിലാണു ചിത്രം പ്രസിദ്ധീകരിച്ചത്. രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഷാവേസ് പത്രം വായിക്കുകയും ചിരിക്കുകയും ചെയ്യുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ക്യൂബയിലെത്തിയ ശേഷം പുറത്തു വരുന്ന ആദ്യ ചിത്രമാണിത്. ഷാവേസിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണു വെനസ്വേലന്‍ സര്‍ക്കാര്‍ ചിത്രം പുറത്തുവിട്ടത്. ഷാവേസ് അന്തരിച്ചുവെന്നും വെനിസ്വേല സര്‍ക്കാര്‍ കള്ളം പറയുകയാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ഥിരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ഷാവേസ് ആശുപത്രിയില്‍ ആയതിനു ശേഷം പൊതുപരിപാടികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
ശ്വാസ തടസം നേരിടുന്ന ഷാവേസിനു സംസാരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നതായി വാര്‍ത്താ വിനിമയ മന്ത്രി ഏണസ്റ്റോ വില്ലിഗാസ് പറഞ്ഞു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി 2012 ഡിസംബര്‍ 11-നാണു ഷാവേസ് ഹവാനയിലെത്തിയത്. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായി ഹവാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാവേസിന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യം വഷളാവുകയായിരുന്നു.
ഹ്യൂഗോ ഷാവേസ് സുഖമായിരിക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആരാധകര്‍ പറഞ്ഞു. എന്നാല്‍ ഷാവേസിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സര്‍ക്കാര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്ന് പ്രതിപക്ഷം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: