ക്വട്ടേഷന്‍ സംഘത്തിലെ നാല്‌ പേര്‍ അറസ്റ്റില്‍

Thursday 28 July 2011 10:46 am IST

മലപ്പുറം: കുഴല്‍പ്പണം തട്ടുന്ന ക്വട്ടേഷന്‍ സംഘത്തിലെ നാല്‌ പേരെ മലപ്പുറം പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തൃശൂര്‍ സ്വദേശികളായ നീലന്‍കാവില്‍ വീട്ടില്‍ ആന്റോ(38), ഈരേടന്‍ വീട്ടില്‍ സ്മിതേഷ്‌ (കണ്ണന്‍-28), വടൂക്കര കല്ലേപ്പിള്ളില്‍ വീട്ടില്‍ രജനീകാന്ത്‌(33), മലപ്പുറം തിരൂരങ്ങാടി ആങ്ങാട്ടില്‍ വീട്ടില്‍ മുഹമ്മദ്‌ യാസിര്‍(29) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതില്‍ ആന്റോ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ സംഘത്തില്‍പെട്ടയാളാണ്‌.
2009 സെപ്റ്റംബര്‍ 15ന്‌ തെക്കുങ്ങല്‍ മജീദിന്റെ മകന്‍ മുഷ്ഠാഖിനെ പൊന്‍മളയില്‍ വച്ച്‌ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും 40 ലക്ഷം രൂപ കവരുകയും ചെയ്ത കേസിലാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. തിങ്കളാഴ്ച രാവിലെയാണ്‌ യാസിറിനെ അറസ്റ്റ്‌ ചെയ്തത്‌. മറ്റുള്ളവരെ തൃശൂരില്‍ നിന്ന്‌ കൊണ്ടുവരികയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ്‌ രേഖപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ അന്ന്‌ പോലീസ്‌ കേസെടുത്തെങ്കിലും കുഴല്‍പ്പണത്തെ കുറിച്ച്‌ പരാതിക്കാരന്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന്‌ മലപ്പുറം സി.ഐ. വിജയന്‍ പറഞ്ഞു. ആക്രമിച്ചവരെ കുറിച്ച്‌ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ 2010ല്‍ കേസ്‌ ക്ലോസ്‌ ചെയ്തു. കഴിഞ്ഞ ദിവസം തിരൂരങ്ങാടിയില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെതുടര്‍ന്നാണ്‌ പഴയ കേസ്‌ വീണ്ടും പൊങ്ങിവന്നത്‌. അന്നത്തെ പണം തട്ടലിന്‌ നേതൃത്വം നല്‍കിയ താഴേചിന തടത്തില്‍ അബ്ദുള്‍കരീമിനെ കഴിഞ്ഞ ദിവസം 11 അംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഇയാളെ പിന്നീട്‌ വയനാട്‌ മേപ്പാടിയിലെ സങ്കേതത്തില്‍ വച്ച്‌ പൊലീസ്‌ മോചിപ്പിക്കുകയായിരുന്നു. പിന്നീട്‌ കരീമിന്റെ വീട്ടില്‍ നിന്നും വെടിയുണ്ടകളും വടിവാളും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്‌ പഴയ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചത്‌. ഇപ്പോള്‍ റിമാന്റിലുള്ള കരീമാണ്‌ തൃശൂരില്‍ നിന്നും ക്വട്ടേഷന്‍സംഘത്തെ നിയോഗിച്ചതും പണം കവര്‍ന്നതും. കേസില്‍ ആകെ ഒമ്പത്‌ പ്രതികളാണുള്ളത്‌. ഇതില്‍ അഞ്ച്‌ പേരെ ഇനിയും പിടികിട്ടാനുണ്ട്‌. മൂന്ന്‌ പേര്‍ തൃശൂര്‍ സ്വദേശികളും ഒരാള്‍ തിരൂരങ്ങാടി സ്വദേശിയുമാണ്‌. നേരത്തെ പിടിയിലായ കരീമും തൃശൂര്‍ സ്വദേശി ആന്റോയും കോടാലി ശ്രീധരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന്‌ പൊലീസ്‌ പറഞ്ഞു. പാലക്കാട്‌, മലപ്പുറം, മൈസൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിരവധി കേസുകളും ഇവരുടെ പേരില്‍ നിലനില്‍ക്കുന്നുണ്ട്‌. പിടിയിലായ മറ്റ്‌ രണ്ട്‌ പേര്‍ മുന്‍പരിചയമില്ലാത്തവരാണ്‌. സി.ഐ വിജയനെ കുടാതെ എസ്‌.ഐ ജയന്‍,അഡിഷന്‍ എസ്‌.ഐ മുഹമ്മദലി, എ.എസ്‌.ഐ കൃഷ്ണന്‍കുട്ടി, പൊലീസുകാരായ ബിനു, രാംദാസ്‌, പ്രദീപ്‌, വിജയകുമാര്‍ എന്നിവരും പൊലീസ്‌ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.