ഇത്‌ അവസാന താക്കീത്‌

Saturday 16 February 2013 10:35 pm IST

ലോകത്തിന്‌ മുന്നില്‍ കുതിപ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു 20-ാ‍ം നൂറ്റാണ്ട്‌ ഭാരതം പിന്നിട്ടതും 21-ാ‍ം നൂറ്റാണ്ടിലേക്ക്‌ കടന്നതും. എന്നാല്‍ യുപിഎയുടെ രണ്ടാം വരവോടെ കൂടുതല്‍ സങ്കീര്‍ണ്ണമായി തീരുകയാണ്‌ ഭാരതീയ ജനജീവിതം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദുസ്സഹമായ അവസ്ഥ. ഇത്തരം ഒരു സാഹചര്യത്തിലാണ്‌ രാജ്യത്തെ മുഴുവന്‍ തൊഴിലെടുക്കുന്നവരും രണ്ട്‌ ദിവസത്തെ പണിമുടക്ക്‌ നടത്താന്‍ തയ്യാറായിരിക്കുന്നത്‌. 2012 ഫെബ്രുവരി 28ന്‌ പത്ത്‌ കോടിയിലധികം തൊഴിലാളികള്‍ അണിനിരന്ന പണിമുടക്ക്‌ കൊണ്ടും ഭരണകൂടം കണ്ണുതുറക്കാത്ത സാഹചര്യത്തില്‍ തൊഴിലാളികളുടെ മുന്നില്‍ മറ്റൊരു മാര്‍ഗമില്ല. മാത്രവുമല്ല, കൂടുതല്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോവുകയും ചെയ്യുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴില്‍ സംരക്ഷണമില്ലായ്മ, ഓഹരി വിറ്റഴിക്കല്‍, പെന്‍ഷന്‍ നയം, സാമൂഹ്യ സുരക്ഷിതത്വമില്ലായ്മ, തൊഴില്‍ നിയമസംരക്ഷണം, രാജ്യമാകെ അസ്വസ്ഥത പടര്‍ത്തുന്ന അക്രമങ്ങള്‍, ചെറുകിട വ്യാപാര, കൃഷി മേഖലയിലെ വിദേശ കടന്നുകയറ്റം തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ്‌ 2013 ഫെബ്രുവരി 20, 21 തീയതികളില്‍ രാജ്യമാകെ തൊഴില്‍ സംഘടനകള്‍ പണിമുടക്കിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്‌. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച്‌ ബിഎംഎസ്‌ വര്‍ഷങ്ങളായി ഉയര്‍ത്തിവരുന്ന ആശങ്കകളെല്ലാം ഇന്ന്‌ നടപ്പില്‍ വരുന്ന പശ്ചാത്തലംകൂടി നാം കണക്കിലെടുക്കുമ്പോഴാണ്‌ ഈ പണിമുടക്കിന്റെ പ്രസക്തി വര്‍ധിക്കുന്നത്‌. രാജ്യമാകെ ബാധിക്കുന്ന ഭരണകൂട പിടിപ്പുകേട്‌ ഇനിയും അനുവദിക്കാനാവില്ല. മുഴുവന്‍ ട്രേഡ്‌ യൂണിയനുകളും ഒരുമിച്ച്‌ നില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മൂലധനത്തിന്റെ പേരുപറഞ്ഞ്‌ ലോക മുതലാളിത്തത്തിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിച്ച്‌ കയ്യടി നേടാനുള്ള പാഴ്‌ ശ്രമമാണ്‌ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. അതുകൊണ്ടുതന്നെ നടക്കാന്‍ പോകുന്ന പ്രക്ഷോഭം ഇവര്‍ ക്ഷണിച്ചുവരുത്തുന്നതാണ്‌. സാമ്രാജ്യത്വ ശക്തികളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഇവര്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ രാജ്യത്തെ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയെ തന്നെ നശിപ്പിക്കാന്‍ പോന്നതാണ്‌. വികലമായ നയങ്ങള്‍ ചില യൂറോപ്യന്‍ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ്‌ യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്‌. യൂറോപ്പിലെ തെരുവുകളില്‍ തൊഴിലാളികളും പ്രൊഫഷണലുകളും ഉള്‍പ്പെടെയുള്ളവര്‍ അതിശക്തമായ ചെറുത്തുനില്‍പ്പ്‌ നടത്തിവരുന്നത്‌ ലോകം കാണുന്നു. സമ്പദ്‌ വ്യവസ്ഥയിലെ നയങ്ങള്‍ മൂലമുള്ള മാന്ദ്യം ഭാരതത്തില്‍ ശക്തമായി പ്രകടമാകുന്നത്‌ കാണുന്നു.
വിലകള്‍ കുതിച്ചുയരുന്നു. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും എതിരായ കടന്നാക്രമണങ്ങള്‍ രൂക്ഷമാകുന്നു. അസംഘടിത വിഭാഗങ്ങള്‍ നരകയാതന അനുഭവിക്കുന്നു. ഇനിയും പ്രതിഷേധിക്കാന്‍ താമസിച്ചാല്‍ രാജ്യത്തിനുതന്നെ നിലനില്‍പ്പില്ല.
ഭാരതത്തിലെ തൊഴിലവസരങ്ങള്‍ കുത്തനെ ഇടിയുന്നു. 2000-05ല്‍ തൊഴില്‍ വളര്‍ച്ച ശരാശരി 2.7 ശതമാനമായിരുന്നത്‌ 2005-10 വര്‍ഷങ്ങളില്‍ 0.8 ശതമാനമായി കുറഞ്ഞുവെന്ന്‌ നാഷണല്‍ സാമ്പിള്‍ സര്‍വെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതേ അവസരത്തില്‍ മള്‍ട്ടി ബ്രാന്റ്‌ ചെറുകിട കച്ചവടം എഫ്ഡിഐക്കായി തുറന്നുകൊടുക്കുന്നു. ചെറുകിട വ്യവസായത്തിന്റെ തകര്‍ച്ച മാത്രമേ ഇതുമൂലം ഉണ്ടാകൂ. ആഗോള കുത്തകകള്‍ക്ക്‌ അവസരം നല്‍കിയതിലൂടെ ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടം സംഭവിച്ചതുകൊണ്ടാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ പോലും ഭാരതത്തില്‍ വന്ന്‌ ഇതിനെക്കുറിച്ച്‌ വിലപിച്ചത്‌. രാജ്യത്തെ നാല്‌ കോടിയിലധികം ജനങ്ങള്‍ നേരിട്ട്‌ തൊഴിലെടുക്കുകയും 20 കോടി പേര്‍ ഉപജീവനം നടത്തുകയും ചെയ്യുന്ന ചില്ലറ വില്‍പ്പന രംഗം അതായത്‌ തൊഴില്‍ ശക്തിയുടെ വലിയൊരളവ്‌ ഈ മേഖലയെ ആശ്രയിച്ചിരിക്കുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, വമ്പന്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, ചെറുകിട, വഴിയോര കച്ചവടക്കാര്‍, ചെറുകിട വ്യാപാര ശൃംഖലകള്‍ എന്നിവയെല്ലാം അടങ്ങുന്ന ഈ ശ്രേണി തകര്‍ക്കുന്നതിനുള്ള ശ്രമവും യുപിഎ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നു. 51 ശതമാനം വിദേശനിക്ഷേപം ഈ മേഖലയില്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാര്‍ ആരെയാണ്‌ രക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ എന്നത്‌ വ്യക്തം. അന്താരാഷ്ട്ര ബ്രാന്റുകളുടെ എല്ലാത്തരം ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ ഇതുമൂലം കുത്തകകള്‍ക്ക്‌ സാധിക്കും. സ്വദേശി ഉല്‍പ്പന്നങ്ങളുടെ കച്ചവടം ഇവരുടെ മത്സരത്തിന്‌ മുന്നില്‍ തകര്‍ന്നുപോകും. കാരണം പരസ്യത്തിലും മറ്റും അവരോട്‌ പിടിച്ചുനില്‍ക്കാന്‍ നമുക്ക്‌ സാധിക്കാതെ വരും. ഇതോടെ വിദേശ ഉല്‍പ്പന്നങ്ങള്‍ തോന്നിയ വിലയ്ക്ക്‌ വിറ്റ്‌ ലാഭം കൊയ്യാന്‍ ഇവര്‍ക്ക്‌ സാധിക്കും. അതോടൊപ്പം കാര്‍ഷികരംഗത്തെ ഉല്‍പ്പന്നങ്ങള്‍ ചെറിയ വിലയ്ക്ക്‌ കര്‍ഷകരില്‍നിന്ന്‌ ശേഖരിക്കാനും കുത്തകകളുടെ ഗോഡൗണുകളില്‍ ശേഖരിച്ചതിനുശേഷം കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുമുള്ള തന്ത്രമാണ്‌ ഇവര്‍ പയറ്റാന്‍ പോകുന്നത്‌. ചില്ലറ വിപണിയില്‍ വിദേശനിക്ഷേപം നടത്തുന്ന സ്ഥാപനങ്ങള്‍ 500 കോടിയെങ്കിലും അടിസ്ഥാന നിക്ഷേപം നടത്തണമെന്നാണ്‌ നിബന്ധന. ഇത്‌ ആരെ ഉദ്ദേശിച്ചാണ്‌ എന്ന്‌ വാള്‍മാര്‍ട്ട്‌, ടെസ്കോ പോലുള്ള ലോക ഭീമന്മാരെ പറയാതെ പറഞ്ഞ്‌ ക്ഷണിക്കുകയാണ്‌ ഇതിന്‌ പിന്നിലെ ഉദ്ദേശ്യം. 15 രാജ്യങ്ങളിലായി വ്യത്യസ്ത പേരുകളില്‍ 8500ല്‍പ്പരം ചില്ലറ വില്‍പ്പനശാലകള്‍ നടത്തുന്ന വാള്‍മാര്‍ട്ട്‌ എന്ന അമേരിക്കന്‍ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം 7700 കോടിയാണ്‌. സൂപ്പര്‍ മാളുകള്‍, മരുന്ന്‌ കമ്പനികള്‍, ഭക്ഷ്യധാന്യം, റസ്റ്റോറന്റ്‌ തുടങ്ങിയ മേഖലകളെല്ലാം അവര്‍ കയ്യടക്കും. വില നിയന്ത്രണവും ഉല്‍പ്പാദനവും അവര്‍ ഏറ്റെടുക്കും. അതുവഴി വന്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കപ്പെടും മുമ്പ്‌ അമേരിക്കന്‍ തകര്‍ച്ചയ്ക്ക്‌ കാരണക്കാരന്‍ എന്ന്‌ പറഞ്ഞ്‌ ലോസ്‌ ആഞ്ചല്‍സ്‌ നഗരം ബ്ലാക്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ്‌ വാള്‍മാര്‍ട്ട്‌ എന്നോര്‍ക്കണം. ഇതോടൊപ്പം ഇംഗ്ലണ്ടിലെ ടെസ്കോയും കിങ്ങ്ഫിഷറും യുഎഇയിലെ ക്യാരിഫോറും അടക്കമുള്ള ഭീമന്മാര്‍ ഭാരതത്തിലേക്ക്‌ വരാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഇതോടെ ഇന്ത്യന്‍ ചെറുകിട വ്യവസായത്തിന്റെയും തൊഴില്‍ മേഖലയുടെയും മരണമണി മുഴങ്ങും: ജനങ്ങള്‍ പട്ടിണിയിലാകും സമ്പദ്‌ വ്യവസ്ഥ ഒന്നാകെ തകര്‍ന്നടിയും തൊഴിലില്ലായ്മ രൂക്ഷമാകും.
121 കോടി ജനങ്ങളുള്ള ഭാരതം കുത്തകകളുടെ ഏറ്റവും വലിയ പറുദീസയാണ്‌. ലോകത്തെ ഏറ്റവും വലിയ 'റീട്ടെയില്‍ ഡസ്റ്റിനേഷന്‍' എന്നാണ്‌ ചില അന്താരാഷ്ട്ര മാനേജ്മെന്റ്‌ കണ്‍സള്‍ട്ടന്‍സികള്‍ ഭാരതത്തെ വിലയിരുത്തുന്നത്‌. ഒബാമയുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന വിനീതവിധേയനായി മാറിയിരിക്കുന്ന മന്‍മോഹന്‍സിംഗ്‌ രാജ്യത്ത്‌ നിലവിലുള്ള നികുതി നിയമങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക്‌ നികുതി ഇളവുകള്‍ നേടാനും വെട്ടിപ്പ്‌ നടത്താനും വേണ്ടി ഗാര്‍ ചട്ടങ്ങള്‍ (General Anti Avoidance Rule)- വരുന്ന മൂന്ന്‌ വര്‍ഷത്തേക്ക്‌ നടപ്പാക്കേണ്ടതില്ല എന്ന തീരുമാനവും ഇതോടൊപ്പം എടുത്തിരിക്കുന്നു എന്നത്‌ നാം അറിയുമ്പോഴാണ്‌ വരാന്‍ പോകുന്ന അപകടത്തിന്റെ ആഴം മനസ്സിലാക്കേണ്ടി വരുന്നത്‌.
രാജ്യത്തെ വ്യാപാരികളും വ്യവസായികളും കര്‍ഷകരും ചെറുകിട ഇടത്തരം സംരംഭകരേയും എല്ലാം ദ്രോഹിക്കുന്ന നടപടികളിലൂടെ വിദേശ കുത്തകകളുടെ കയ്യടി വാങ്ങുന്ന യുപിഎ മേലാളന്മാര്‍ ഒന്നോര്‍ക്കണം. കോടിക്കണക്കിന്‌ ജനങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരിതം ഒരു വലിയ തീക്കാറ്റായി ഭാരതമാകെ പടരും. ഇത്തരം ചെറുത്തുനില്‍പ്പിനുള്ള ശ്രമമാണ്‌ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്‌. സബ്സിഡികള്‍ ഇല്ലാതാക്കിയും പൊതുവിപണിയിലെ ഗവ. ഇടപെടലുകള്‍ ഒഴിവാക്കിയും വിലക്കയറ്റം സൃഷ്ടിക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്നവര്‍ രാജ്യത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുകയാണ്‌ എന്ന്‌ തിരിച്ചറിയണം. തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങള്‍ ദിനംപ്രതി അടിച്ചമര്‍ത്തുന്നതോടൊപ്പം തൊഴില്‍ നിയമലംഘനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന സംവിധാനം അവസാനിപ്പിച്ചേ മതിയാകൂ. ചരിത്രപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന പണിമുടക്ക്‌ യുപിഎ സര്‍ക്കാരിനുള്ള അവസാന താക്കീതാണ്‌. വിവിധ വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുവെങ്കിലും വലിയ ഒരു അപകടം പ്രതിരോധിക്കാന്‍ രാജ്യത്തെ മുഴുവന്‍ ട്രേഡ്‌ യൂണിയനുകളുടെ വിവിധ ഫെഡറേഷനുകളും അടിസ്ഥാനവര്‍ഗ വിഭാഗങ്ങളും എല്ലാം ഒന്നിച്ചണിനിരക്കുകയാണ്‌. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചക്കുവേണ്ടി എന്ന പല്ലവിയുമായി നടക്കുന്ന യുപിഎ സര്‍ക്കാര്‍ തെറ്റ്‌ തിരുത്തുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.
എസ്‌. വാരിജാക്ഷന്‍ (ഫെറ്റോ സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.