അമൃത ഇനിയും തല്ലും

Sunday 17 February 2013 11:28 am IST

തിരുവനന്തപുരത്ത്‌ ഈഞ്ചയ്ക്കല്‍ കീഴേവീട്‌ കോളനി തുഷാരയില്‍ മോഹന്‍കുമാറിന്റെയും ഇന്ദുലേഖയുടെയും മകള്‍ പത്തൊന്‍പതു വയസ്സുകാരി അമൃത ഇനിയും തല്ലും. സ്ത്രീകള്‍ക്ക്‌ സുരക്ഷിതരായി പുറത്തിറങ്ങി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്ന അധമന്മാരുടെ ചെയ്തികള്‍ തനിക്കു മുന്നില്‍ നടന്നാല്‍ അമൃതയ്ക്കു തല്ലാതിരിക്കാനാകില്ല. അത്തരം മോശമായ കാര്യങ്ങളെ മനസ്സുറപ്പോടെ നേരിടാനുള്ള തന്റേടം അവള്‍ക്കുണ്ട്‌. അതാണ്‌ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത്‌ ബേക്കറി ജംഗ്ഷനില്‍ കണ്ടതും.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ശംഖുംമുഖത്ത്‌ നടന്ന വണ്‍ ബില്യണ്‍ റൈസ്‌ എന്ന പരിപാടിക്കുശേഷം അമൃതയും കൂട്ടുകാരിയും ബൈക്കിലാണ്‌ വന്നത്‌. അമൃതയുടെ അച്ഛനും അമ്മയും മുത്തശ്ശിയും ഒപ്പം കാറിലുമുണ്ടായിരുന്നു. എല്ലാവരുംകൂടി ഭക്ഷണം കഴിക്കാനായി ബേക്കറി ജങ്ങ്ഷനിലെ തട്ടുകടയിലെത്തി. ഈ സമയത്താണ്‌ സര്‍ക്കാര്‍ ബോര്‍ഡുവച്ച കറുത്ത സ്കോര്‍പ്പിയോ അവിടെയെത്തിയതും കാറിലുണ്ടായിരുന്ന ഒരാള്‍ അമൃതയ്ക്കുനേരെ അശ്ലീലം പറഞ്ഞതും. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തിയ അമൃതയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളുമുണ്ടായി. വീണ്ടും ഇതു തുടര്‍ന്നപ്പോള്‍ അമൃത അശ്ലീലം പറഞ്ഞ മനോജെന്നയാളെ കടന്നുപിടിച്ച്‌ നല്ല തല്ലും കൊടുത്തു. ഇത്‌ തടയാനെത്തിയ അനൂപിനും കിട്ടി തല്ല്‌. ഇത്രയുമായിക്കഴിഞ്ഞപ്പോഴാണ്‌ തട്ടുകടയ്ക്ക്‌ സമീപമുണ്ടായിരുന്നവര്‍ പ്രശ്നത്തില്‍ ഇടപെട്ടത്‌. തുടര്‍ന്ന്‌ കന്റോണ്‍മെന്റ്‌ പോലീസെത്തി മനോജിനെ കസ്റ്റഡിയിലെടുത്തു. ഈ സമയം അക്രമിക്ക്‌ ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്‌ അമൃത മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാറില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്ന്‌ അമൃത പറയുന്നുണ്ടെങ്കിലും മനോജും പ്രാവച്ചമ്പലം സ്വദേശിയായ അനൂപും മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂവെന്നാണ്‌ പോലീസ്‌ ഭാഷ്യം.
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വ്യാപകമാകുകയും അത്‌ വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്യുന്ന ഇക്കാലത്ത്‌ അമൃത ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം മറുപടിയാകുകയാണ്‌. സ്ത്രീകള്‍ പ്രതികരിക്കാന്‍ തയ്യാറായാല്‍ ഒരു പൂവാലനും ഒരു പീഡനക്കാരനും അവരെ മോശമായി ഒന്നു നോക്കാന്‍ പോലും തയ്യാറാകില്ലന്ന സന്ദേശമാണ്‌ അമൃത നല്‍കുന്നത്‌.
അമൃതയുടെ പ്രതിഷേധം തന്നെ ശല്യപ്പെടുത്തിയവരോടുമാത്രമുള്ളതല്ല. പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും അവരോട്‌ അശ്ലീലം പറയുകയും ചെയ്യുന്നത്‌ കണ്ടു നില്‍ക്കുകയും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നവരോടു കൂടിയാണ്‌ അവളുടെ രോഷം. അമൃത പറയുന്നു...."സംഭവം നടക്കുന്ന സമയത്ത്‌ ഭക്ഷണം കഴിക്കാനെത്തിയ ഒരുപാടുപേര്‍ ആ കടയിലുണ്ടായിരുന്നു. എന്നെയും കൂട്ടുകാരിയെയും അവര്‍ അശ്ലീലം പറയുമ്പോള്‍ ആരും അതിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നതാണ്‌ ദുഃഖം. വണ്‍ ബില്യണ്‍ പരിപാടിയുടെ ഭാഗമായുള്ള വനിതകളുടെ മോട്ടോര്‍ സൈക്കിള്‍ റാലിക്ക്‌ നേതൃത്വം നല്‍കിയത്‌ ഞാനാണ്‌.
ശംഖുമുഖത്തെത്തി പരിപാടി കഴിഞ്ഞശേഷമാണ്‌ ഭക്ഷണം കഴിക്കാനായി ഇറങ്ങിയത്‌. ഈഞ്ചക്കലില്‍ ആദ്യമെത്തിയെങ്കിലും അവിടെ കടയൊന്നുമില്ലായിരുന്നു. പിന്നീടാണ്‌ ഞങ്ങള്‍ ബേക്കറി ജംഗ്ഷനിലെത്തിയത്‌. അച്ഛനും അമ്മയുമുണ്ടായിരുന്ന കാര്‍ മുന്നിലായിട്ടാണ്‌ നിര്‍ത്തിയത്‌. ഒരുപക്ഷെ ഞങ്ങള്‍ ഒറ്റയ്ക്കെത്തിയതാകും എന്നാണ്‌ അവര്‍ കരുതിയത്‌......"
സംസ്ഥാനതലത്തില്‍ കളരി ചാമ്പ്യനും കരാട്ടെ ബ്ലാക്ക്ബെല്‍റ്റുമാണ്‍അമൃത. ആള്‍ സെയിന്റ്സ്‌ കോളേജിലെ മുന്‍ ചെയര്‍പേഴ്സണായ അമൃത എന്‍സിസിയുടെ എയര്‍വിംഗ്‌ ക്യാപ്റ്റനാണ്‌. അമൃത ഇപ്പോള്‍ താരമാണ്‌. പൂവാലന്മാരെ ഇടിച്ചു നിരപ്പാക്കിയതുമാത്രമല്ല അതിനു കാരണം. അത്തരമൊരു സന്ദര്‍ഭത്തില്‍ മനസ്സാന്നിധ്യം കൈവിടാതെ നേരിട്ടതിലാണ്‌. ഏതൊരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ഇത്തരം നിര്‍ണായക അവസ്ഥകളുണ്ടാകാം. എന്നാല്‍ അതു നേരിടുമ്പോഴാണ്‌ കരുത്തറിയുന്നത്‌.
ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനും മുന്‍പ്രചാരകനുമായ മോഹന്‍കുമാറിന്റെ ഏക മകളാണ്‌ അമൃത. പെണ്‍കുട്ടിയായിത്തന്നെയാണ്‌ മോഹന്‍കുമാര്‍ മകളെ വളര്‍ത്തുന്നതെങ്കിലും ഇന്നത്തെ ആസുരകാലത്ത്‌ സമൂഹത്തില്‍ ജീവിക്കാനുള്ള ശേഷി മകള്‍ക്കു നല്‍കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതിനാല്‍ത്തന്നെ മകളെ കളരിയും കരാട്ടെയും അഭ്യസിപ്പിച്ചു. ഏഴുവയസ്സുമുതല്‍ കളരി അഭ്യസിക്കുന്ന അമൃത കരാട്ടെയില്‍ ബ്രൗണ്‍ ബല്‍റ്റും നേടിയിട്ടുണ്ട്‌. വെസ്റ്റേണ്‍ ഡ്രംസില്‍ മൂന്നു തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാവുമായ അമൃത ഒരുമാതിരിപ്പെട്ട സംഗീതോപകരണങ്ങളെല്ലാം വായിക്കും. കഴിഞ്ഞ വര്‍ഷമാണ്‌ കോളേജ്‌ യൂണിയന്‍ ചെയര്‍പേഴ്ണായത്‌.
ബൈക്ക്‌ സവാരിയിലും അമൃത മുന്നിലാണ്‌. കോളേജില്‍ പോകുന്നതും ബൈക്കിലാണ്‌. ഹാര്‍ലിഡേവിഡ്സണ്‍ ബൈക്ക്‌ ഓടിക്കുന്ന പെണ്‍കുട്ടിയെന്ന നിലയില്‍ തിരുവനന്തപുരം നഗരവാസികള്‍ക്ക്‌ അമൃത നേരത്തെ പ്രശസ്തയാണ്‌.
ഇപ്പോള്‍ അഭിനന്ദനപ്രവാഹത്തിനു നടുവിലാണ്‌ അമൃത. വിളിച്ചഭിനന്ദിച്ചവര്‍ കൂടുതലും അമ്മമാരാണ്‌. പെണ്‍കുട്ടികളുള്ള അമ്മമാര്‍. അവര്‍ തങ്ങളുടെ മക്കളോടു പറയുന്നു, അമൃതയെ മാതൃകയാക്കാന്‍. അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ സിനിമാ താരം കാവ്യാമാധവനുമുണ്ട്‌. വെള്ളിയാഴ്ച പുറത്തിറങ്ങിയ കാവ്യയുടെ ബ്രേക്കിംഗ്‌ ന്യൂസ്‌ എന്ന ചലച്ചിത്രത്തില്‍ അമൃത ചെറിയ വേഷത്തിലുണ്ട്‌. ട്രയിന്‍ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നയാളെ കാവ്യയുടെ കഥാപാത്രം തല്ലുന്നു. കാവ്യയ്ക്കൊപ്പം ചേര്‍ന്ന്‌ അക്രമിയെ തല്ലിക്കീഴ്പ്പെടുത്തുന്ന ഹോക്കികളിക്കാരായ കുട്ടികളുടെ നേതാവായി അമൃതയുമെത്തുന്നു. സിനിമയിലെ രംഗങ്ങള്‍ തിരുവനന്തപുരത്ത്‌ ബേക്കറി ജംഗ്ഷനില്‍ ആവര്‍ത്തിച്ചതുപോലെ....അതെല്ലാം യാദൃഛികമാകാം.....
ആര്‍. പ്രദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.