കോപ്ടര്‍ ഇടപാട്‌ ഇടനിലക്കാരന്‍ എത്തിയത്‌ ഇറ്റാലിയന്‍ പ്രസിഡന്റിനൊപ്പം

Monday 18 February 2013 11:50 am IST

ന്യൂദല്‍ഹി: ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ഇറ്റാലിയന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സംഘത്തിനൊപ്പം ഇന്ത്യയില്‍ എത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ഈ സന്ദര്‍ശനത്തിനു ശേഷമാണ്‌ ഹെലികോപ്ടറിന്റെ സാങ്കേതിക മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതെന്നും വ്യക്തമായി.ഹെലികോപ്ടറിന്റെ സാങ്കേതിക മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയത്‌ ബി ജെ പി സര്‍ക്കാരായിരുന്നു എന്ന വ്യോമസേന തലവന്‍ എസ്‌.പി.ത്യാഗിയുടെ നിലപാട്‌ ഇതോടെ പൊളിഞ്ഞിരിക്കുകയാണ്‌.ത്യാഗിയുടെ വാക്കുകളെ പിടിച്ച്‌ ഇടപാടിന്റെ ചരട്‌ എന്‍ ഡി എ സര്‍ക്കാരുമായി ബന്ധിപ്പിക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമിച്ചിരുന്നു ഇറ്റാലിയന്‍ പ്രസിഡന്റായിരുന്ന കാര്‍ലോ അസെഗ്ലിയോ സിയാംപി 2005 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോളാണ്‌ ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനായ ഗിഡോ ഹാഷ്കെയും ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്‌. പ്രസിഡന്റിന്റെ ഓദ്യോഗിക സംഘത്തിലെ അംഗം എന്ന നിലയില്‍ ഹഷ്കെ വ്യോമസേന തലവന്‍ എസ്‌.പി. ത്യാഗിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വ്യോമസേന ആസ്ഥാനത്തു നടന്ന ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ്‌ ഹെലികോപ്ടറിന്റെ ഉയരപരിധി 18,000 അടിയില്‍ നിന്ന്‌ 15,000 അടിയായി കുറച്ചത്‌. ഇതോടെയാണ്‌ അഗസ്ത വെസറ്റ്ലാന്‍ഡിന്‌ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ വഴിതെളിഞ്ഞതും. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ ഇടപാട്‌ സംബന്ധിച്ച കരാറിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര വിജിലിന്‍സ്‌ കമ്മീഷന്‍ ഇന്നലെ പ്രതിരോധ വകുപ്പിനോട്‌ നിര്‍ദ്ദേശിച്ചു. ഇടപാടിലെ ക്രമക്കേടുകളെ കുറിച്ചു അന്വേഷിക്കുന്ന സിബിഐ സംഘം ഇന്നലെ ഇറ്റലിയിലേക്കു പോയില്ല. സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന്‌ യാത്ര ഇന്നത്തേക്ക്‌ മാറ്റിയതായാണ്‌ അറിയിച്ചത്‌ ഇന്ന്‌ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന്റെ സന്ദര്‍ശനവേളയില്‍ അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ തേടുമെന്നറിയുന്നു. അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദാംശങ്ങള്‍ നല്‍കണമെന്ന്‌ നേരത്തെ തന്നെ ഇന്ത്യ ബ്രിട്ടനോട്‌ ആവശ്യപ്പെട്ടിരുന്നു.

  • പി. ശ്രീകുമാര്‍
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.