കെ.എസ്.ആര്‍.ടി.സി തനിയെ നിന്നുപോകും - ആര്യാടന്‍

Monday 18 February 2013 12:13 pm IST

തിരുവനന്തപുരം: ഡീസല്‍ വില വര്‍ധന ഇങ്ങനെ തുടര്‍ന്നാല്‍ കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ തനിയെ നിന്നുപോകുമെന്ന്‌ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിലവില്‍ പതിനാറര കോടി രൂപയുടെ അധികബാധ്യതയാണ്‌ കെ.എസ്‌.ആര്‍.ടി.സി നേരിടുന്നത്‌. ഇത്തരത്തിലുള്ള കേന്ദ്രനയം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 1908 കോടി രൂപയായി ഉയര്‍ന്നുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാകും. ഇപ്പോള്‍ 16.5 കോടി രൂപയാണ് പ്രതിമാസം അധികമായി വരുന്നത്. ഇതോടെ പ്രതിമാസ നഷ്ടം 91.5 കോടി രൂപയായിയെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തിലുണ്ടായ കെഎസ്ആര്‍ടിസി പ്രതിസന്ധി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എട്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കെഎസ്ആര്‍ടിസിക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും വിഎസ് കുറ്റപ്പെടുത്തി. ഡീസല്‍ വില സംബന്ധിച്ചു മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകും. ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതി ഇക്കാര്യത്തെക്കുറിച്ചു പഠിക്കുന്നുണ്ട്. അവര്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാകും മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കുകയെന്നും ആര്യാടന്‍ പറഞ്ഞു. ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ വിലയില്‍ മാറ്റം വരുത്താനുള്ള അവകാശം എണ്ണ കമ്പനികള്‍ക്കു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ നഷ്ടം നികത്താന്‍ ഡീസലിനു പ്രതിമാസം 50 പൈസ വീതം കമ്പനികള്‍ വര്‍ധിപ്പിച്ചുവരികയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.