കോപ്ടര്‍ ഇടപാട്‌: ആന്റണിയുടെ തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കാതെ

Monday 18 February 2013 11:50 pm IST

ന്യൂദല്‍ഹി: ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ ഇടപാട്‌ സംബന്ധിച്ച കാര്യങ്ങള്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അറിയിച്ചിരുന്നില്ലെന്ന്‌ ആരോപണം.ഇടപാടിലെ കോഴ ആരോപണങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്‌ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡുമായുള്ള കരാര്‍ റദ്ദാക്കുന്നതിനുള്ള നടപടി എ.കെ. ആന്റണി തുടങ്ങിയത്‌ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആലോചിക്കാതെയാണ്‌. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതും ആന്റണി സ്വന്തം നിലയിലാണ്‌.അഴിമതി ഉണ്ടെന്ന്‌ വ്യക്തമായാല്‍ ഏതു കരാറും റദ്ദാക്കാന്‍ മടിക്കില്ല എന്നും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ആന്റണി പറഞ്ഞിരുന്നു. കോഴവിവാദങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ പ്രതിരോധമന്ത്രാലയം കരാര്‍ മരവിപ്പിക്കുകയും ചെയ്തു.പ്രതിരോധമന്ത്രാലയം ഇടപാടിന്റെ ചരിത്രം വിവരിച്ച്‌ പത്രക്കുറിപ്പും ഇറക്കി. ഇതൊന്നും പധാനമന്ത്രിയോടോ മന്ത്രിസഭാ ഉപസമതിയോടോ ആലോചിക്കാതെ ചെയ്യുകയായിരുന്നു. അതേസമയം, ഹെലികോപ്ടര്‍ ഇടപാടിനെ കുറിച്ച്‌ സര്‍ക്കാരിന്‌ ഒന്നും മറച്ചുവെക്കാനില്ലെന്ന്‌ ചര്‍ച്ചക്ക്‌ തയ്യാറാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. ഇതിനിടെ കോഴ ഇടപാടിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സി ബി ഐ സംഘം ഇറ്റലിയിലേക്ക്‌ പോകുന്നത്‌ അനിശ്ചിതത്വത്തിലായിരിക്കുകയാണ്‌. യാത്രയ്ക്കുള്ള നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ലെന്ന്‌ സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സിബിഐ സംഘം ഞായറാഴ്ച ഇറ്റലിയിലേക്ക്‌ പോകുമെന്നാണ്‌ നേരത്തേ അറിയിച്ചിരുന്നത്‌. പിന്നീട്‌ യാത്ര തിങ്കളാഴ്ചത്തേയ്ക്ക്‌ മാറ്റി.എന്നാല്‍ ഇതുവരെ യാത്രയ്ക്കുള്ള നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാകാത്തതിനാല്‍ ഇത്‌ വൈകാനാണ്‌ സാധ്യത. സിബിഐയെ ഇറ്റലിയില്‍ സഹായിക്കാന്‍ ഒരു മുതിര്‍ന്ന അഭിഭാഷകന്റെ സേവനം വിദേശകാര്യമന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്‌. രേഖകള്‍ ആവശ്യപ്പെട്ട്‌ അഭിഭാഷകന്‍ വീണ്ടും ഇറ്റാലിയന്‍ കോടതിയെ സമീപിക്കും. ഹെലികോപ്ടര്‍ വിവാദത്തില്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന മുഖവിലയ്ക്കെടുക്കില്ലെന്ന്‌ ബിജെപി വ്യക്തമാക്കി. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന്‌ ബിജെപി പറഞ്ഞ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രി നിലപാട്‌ വ്യക്തമാക്കിയത്‌. വിഷയത്തില്‍ പ്രതിരോധ മന്ത്രി രാജി വയ്ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്‌ സര്‍ക്കാര്‍ മൊത്തത്തില്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും ബിജെപി രാജി ആവശ്യപ്പെടുകയാണെങ്കില്‍ ആന്റണിയോട്‌ മാത്രമല്ല മുഴുവന്‍ മന്ത്രിമാരോടും രാജി ആവശ്യപ്പെടണമെന്നും റൂഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  • പി.ശ്രീകുമാര്‍
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.