പോളണ്ടിനെക്കുറിച്ച് ഒറ്റയക്ഷരം മിണ്ടിപ്പോകരുതെന്നല്ലേ ? ഇനിയെന്ത് മിണ്ടാനാണ്. ഒന്നും ബാക്കിയില്ലാത്ത വിധം റഷ്യയിൽ പോളണ്ട് ശൂന്യമാക്കപ്പെട്ടിരിക്കുന്നു. നീലക്കുപ്പായത്തിൽ കൊളംബിയൻ വസന്തം .. എതിരില്ലാത്ത മൂന്ന് ഗോളിന് വിജയക്കുളമ്പടി. ആദ്യ മത്സരത്തിൽ ജാപ്പനീസ് തന്ത്രങ്ങളിൽ അടിപതറിയ കൊളംബിയ ആയിരുന്നില്ല ഇന്നലെ കളത്തിൽ … കാർലോസ് വാൾഡറാമയുടെ ആ പഴയ കൊളംബിയ മടങ്ങി വന്നിരിക്കുന്നു. കഴിഞ്ഞ ലോകക്കപ്പിൽ പൊട്ടി മുളച്ച തകരയാണ് റോഡ്രിഗസ് എന്ന് ആരാണ് പരിഹസിച്ചത് ? അവർക്കു മുന്നിലൂടെ അവൻ മടങ്ങിയെത്തിയിരിക്കുന്നു. … നാൽ പതാം മിനിട്ടിൽ യെറി മീന , എഴുപതിൽ ഫൽ കാവോ , എഴുപത്തഞ്ചിൽ ക്വാഡ്രാനോ…. പോളണ്ട് മറക്കില്ല ആ മൂന്ന് വെടിയുണ്ടകൾ … റോഡ്രിഗസിന്റെ ഗതിവേഗങ്ങൾക്കൊപ്പം കൂട്ടുകാർ അല്പം കൂടി ഉയർന്നെങ്കിൽ പോളിഷ് വല നിറഞ്ഞേനെ…. ജപ്പാനെതിരെ കളിക്കുമ്പോൾ പേശിവലിവ് മൂലം പുറത്തു പോകേണ്ടി വന്ന ജെയിംസ് റോഡ്രിഗസിന്റെ മടങ്ങിവരവ് ഉജ്ജ്വലമായി. ഒന്നിന് പിന്നാലെ ഒന്നായി കൊളംബിയൻ തിരമാലകൾ പോളിഷ് തീരത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇടവേളകളില്ലാത്ത ആക്രമണം . പോളണ്ട് ആരാധകലോകം കണ്ണീരും മുറവിളിയുമായി കഴിഞ്ഞ തൊണ്ണൂറ് മിനിട്ട് നേരം… ‘റോഡ്രിഗസ്, കൊല്ലിക്കയത്രേ നിനക്ക് രസമെടോ… എന്ന് പോളിഷ് കളിയെഴുത്തുകാർ കുറിച്ചു വെച്ചിട്ടുണ്ടാകണം. … ഇല്ല .. പോളണ്ടിനെ കുറിച്ച് ഇനിയൊന്നും പറയാനില്ല….
പ്രതികരിക്കാൻ ഇവിടെ എഴുതുക: