ലഖ്നൗ: ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ യുപിയിലെ യോഗി സര്‍ക്കാര്‍. ഏപ്രില്‍ ആറിനാണ് ഒന്നാം വാര്‍ഷികം. അതിനു മുമ്പ് 20 ദിവസത്തെ പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
ആദ്യഘട്ടം പാര്‍ട്ടിതലത്തിലുള്ള ശിബിരങ്ങളും സമ്മേളനങ്ങളുമാണ്. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ സംസ്ഥാനത്തുനിന്ന് സ്വന്തമാക്കുകയാണ് രാഷ്ട്രീയ ലക്ഷ്യം. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെയും കേന്ദ്ര സര്‍ക്കാരിന്റെ നാലുവര്‍ഷത്തെയും ജനസേവന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുകയാണ് പരിപാടി.
ജില്ലാതലത്തിലെ പാര്‍ട്ടി പരിപാടി തുടങ്ങി. സംസ്ഥാന അദ്ധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ ഫറൂഖാബാദില്‍ ഉദ്ഥഘാടനം ചെയ്തു. പ്രവര്‍ത്തകരും നേതാക്കളും യുപിയിലെ ഗ്രാമങ്ങള്‍ തോറും പ്രചാരണം നടത്തും. പ്രവര്‍ത്തകര്‍ വീടുകള്‍തോറുമെത്തി ജനങ്ങളുമായി സംവദിക്കും. വമ്പിച്ച പ്രചാരണപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിരാശപ്പെടുത്തുന്നില്ല. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ ലോക്സഭയിലേക്ക് നേടുകയാണ് പദ്ധതി. അതിന് പ്രവര്‍ത്തകരെയും അനുഭാവികളേയും സജ്ജരാക്കണം. വോട്ടര്‍മാരില്‍ സര്‍ക്കാരിന്റെ നേട്ടം എത്തിക്കണം, പാര്‍ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു.
മാര്‍ച്ച് 26 മുതലാണ് പ്രധാന പ്രചാരണ പരിപാടികള്‍. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: