പ്രൗഢോജ്ജ്വലം, താരാഘോഷ രാവ്

Saturday 19 May 2018 4:50 am IST
"ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരം നടന്‍ മധുവിന് കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ സമ്മാനിക്കുന്നു കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സമീപം"

കൊച്ചി: സംഗീതത്തിന്റെ മാസ്മരികത, മെയ്യഴകിന്റെ നൃത്തം, കുടുകുടെ ചിരിപ്പിച്ച നര്‍മ്മരസം.... താരങ്ങള്‍ മിന്നിയപ്പോള്‍, കൊച്ചി ഇന്നലെ ആഘോഷത്തിമിര്‍പ്പിലായി. ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാര സമര്‍പ്പണരാവ് പ്രൗഢോജ്ജ്വലം. നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി മലയാളത്തിന്റെ എക്കാലത്തെയും മഹാനടനായ മധുവിന് ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരം കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ സമ്മാനിച്ചു. ആയുര്‍വേദ പണ്ഡിതനായ പി.കെ. വാര്യര്‍ക്കുവേണ്ടി മകന്‍ ഡോ. ബാലചന്ദ്ര വാര്യര്‍ ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങി. 

പുരസ്‌കാരവിതരണവും താരനിശയും കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് കലൂര്‍ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജമാക്കിയ പന്തലിലേക്ക് ഒഴുകിയെത്തിയത്. ദേശീയതയ്ക്കുവേണ്ടി നിലകൊണ്ട ജന്മഭൂമിയുടെ ചരിത്രം ഹ്രസ്വചിത്രത്തിലൂടെ കാണികളിലെത്തിച്ചായിരുന്നു പരിപാടിയുടെ തുടക്കം. ജന്മഭൂമിയുടെ രണ്ടാമത് ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണത്തിന്റെയും ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ നിര്‍വഹിച്ചു. ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ചു. 

സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി. ചലച്ചിത്ര രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കെപിഎസി ലളിത, കുഞ്ചന്‍, പ്രേംപ്രകാശ് എന്നിവരും ആദരം ഏറ്റുവാങ്ങി. ചുരുങ്ങിയ സമയം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി റിലീസ് ചെയ്തതിന് ഗിന്നസ് ബുക്കില്‍ ഇടംനേടിയ വിശ്വഗുരു എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിജീഷ് മണിയെയും നിര്‍മ്മാതാവ് എ.വി. അനുപിനെയും ആദരിച്ചു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള ജന്മഭൂമി അവാര്‍ഡുകള്‍ വി. മുരളീധരന്‍ എംപി സമ്മാനിച്ചു. എ.വി. പുരുഷോത്തമ കമ്മത്ത് (കാര്‍ഷികം), വി.എസ്. രാമകൃഷ്ണന്‍ (സാമൂഹ്യ പ്രവര്‍ത്തനം), ഡോ.എസ്.കെ. സുന്ദരമൂര്‍ത്തി (ആരോഗ്യം), രാഹുല്‍ വി.രാജ് (കായികം) എന്നിവര്‍ക്കും സേവനമേഖലയ്ക്കുള്ള കോതമംഗലത്തുള്ള സേവകിരണുമാണ് അവാര്‍ഡ് നല്‍കിയത്. തുടര്‍ന്ന് 2017ലെ ചലച്ചിത്ര പുരസ്‌കാരങ്ങളും സമ്മാനിച്ചു. 

മലയാളത്തിന്റെ കഴിഞ്ഞവര്‍ഷത്തെ കണ്ടെത്തലായ മലയാള സിനിമയിലെ നായികയായ നിമിഷ സജയന്‍, ദുര്‍ഗ്ഗ കൃഷ്ണ, അശ്വതി മനോഹര്‍ എന്നിവരുടെ നൃത്തം കാണികളെ ആവേശഭരിതരാക്കി. ഒപ്പം തന്മാത്ര ഫെയിം അര്‍ജുന്‍ ലാലും നൃത്തത്തിന് മാറ്റുകൂട്ടി. പ്രശസ്ത കൊറിയോഗ്രാഫര്‍ ബിജു സേവിയറാണ് നൃത്തം ചിട്ടപ്പെടുത്തിയത്. സംവിധായകന്‍ ജി.എസ്. വിജയന്റെ നേതൃത്വത്തിലായിരുന്നു താരനിശയുടെ ആവിഷ്‌കരണം. സംഗീത സംവിധായകന്‍ ബിജിബാലാണ് സംഗീതപരിപാടിക്ക് നേതൃത്വം നല്‍കിയത്.

മാനവരാശിയുടെ നന്മാക്കായുള്ള സന്ദേശങ്ങൾ ജന്മഭൂമി പ്രചരിപ്പിക്കുന്നു; അർജ്ജുൻ റാം മേഘ്‌വാൾ

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.