സോമനാഥ്: പാര്‍ട്ടിയെ പലവട്ടം തോല്‍‌പ്പിച്ച മാര്‍ക്‌സിസ്റ്റുകാരന്‍

Monday 13 August 2018 2:14 pm IST
പില്‍ക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വരച്ച വരയില്‍ നില്‍ക്കാഞ്ഞവരെയൊക്കെ പാര്‍ട്ടി കീഴടക്കിത്തോല്‍പ്പിച്ചു. പ്രായോഗിക മാര്‍ക്‌സിസ്റ്റായി ബംഗാള്‍ മുഖ്യമന്ത്രിയായി പാര്‍ട്ടിക്ക് ചരിത്രമുണ്ടാക്കിയ ജ്യോതി ബസുവിനെയും കീഴടക്കി. പക്ഷേ സോമനാഥിന് മുന്നില്‍ തോറ്റു, പലവട്ടം.

കൊച്ചി: അന്തരിച്ച മുന്‍ ലോക്‌സഥാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പലവട്ടം പാര്‍ട്ടിയെ തോല്‍പ്പിച്ച മാര്‍ക്‌സിസ്റ്റുകാരനാണ്. പാര്‍ട്ടി തോറ്റു മുട്ടുമടക്കിയത്, അല്ല പാര്‍ട്ടിയെ തോല്‍പ്പിച്ചു മുട്ടുകുത്തിച്ചത് സോമനാഥ് ചാറ്റര്‍ജിയെന്ന മാര്‍ക്‌സിസ്റ്റുകാരന്‍ മാത്രമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി പിളര്‍ന്നപ്പോഴും വിജയിച്ചത് മാര്‍ക്‌സിസ്റ്റുകളാണ്. ബൗദ്ധികശക്തികള്‍ മറുപക്ഷത്തായിരുന്നെങ്കിലും ഭൗതിക സ്വത്തുക്കള്‍ പിടിച്ചടക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നു.

പില്‍ക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വരച്ച വരയില്‍ നില്‍ക്കാഞ്ഞവരെയൊക്കെ പാര്‍ട്ടി കീഴടക്കിത്തോല്‍പ്പിച്ചു. പ്രായോഗിക മാര്‍ക്‌സിസ്റ്റായി ബംഗാള്‍ മുഖ്യമന്ത്രിയായി പാര്‍ട്ടിക്ക് ചരിത്രമുണ്ടാക്കിയ ജ്യോതി ബസുവിനെയും കീഴടക്കി. പക്ഷേ സോമനാഥിന് മുന്നില്‍ തോറ്റു, പലവട്ടം.

സോമനാഥ് ചാറ്റര്‍ജി ബ്രിട്ടണില്‍ പോയി അഭിഭാഷകവൃത്തി പഠിച്ചു. അക്കാലത്ത് ബംഗാളില്‍ വളരെ സജീവമായിരുന്ന ഹിന്ദുമഹാസഭയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു അഭിഭാഷകന്‍കൂടിയായ അച്ഛന്‍ നിര്‍മല്‍ ചാറ്റര്‍ജി. കമ്യൂണിസ്റ്റ് പാര്‍ട്ടി 1948 -ല്‍ നിരോധിച്ചപ്പോള്‍ ആള്‍ ഇന്ത്യാ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഉണ്ടാക്കി പ്രവര്‍ത്തിച്ചു. അക്കാലത്ത് ജ്യോതിബസുവുമായി ഉണ്ടായ അടുപ്പത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. മകന്‍, ഇത്തരം പല സാഹചര്യങ്ങളാല്‍ കമ്യൂണിസ്റ്റ് ആശയങ്ങളോടടുത്തു. 

കൊല്‍ക്കത്ത ഹൈക്കോടതില്‍ നിന്ന് സുപ്രീം കോടതി അഭിഭാഷകനായതോടെ പാര്‍ട്ടിയുടെ സജീവാംഗമായി. 1971 മുതല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ജനാധിപത്യ വേദികളില്‍ സോമനാഥ് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് സോമനാഥിനെ പാര്‍ട്ടി ഉയര്‍ത്തിയില്ല, സോമനാഥ് ശ്രമിച്ചുമില്ല. ശരിയാണ്, സിപിഎമ്മിന്റെ ലോക്‌സഭാ നേതാവായിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ തന്റെ കക്ഷിയുടെ കേസുണ്‌ടെങ്കില്‍ അന്ന് പാര്‍ലമെന്റില്‍നിന്ന് വിട്ടുനില്‍ക്കാന്‍പോലും ചാറ്റര്‍ജി ശ്രദ്ധിച്ചിരുന്നു, ശ്രമിച്ചിരുന്നു. തൊഴില്‍പരമായ നിര്‍ബന്ധങ്ങളില്‍ അങ്ങനെ ചിലതുണ്ടായിരുന്നു. പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അതിലൊക്കെ അമര്‍ഷവും ഉണ്ടായിരുന്നു. 

പക്ഷേ, പാര്‍ലമെന്റില്‍, ദേശീയ രാഷ്ട്രീയത്തില്‍ സോമനാഥ് പാര്‍ട്ടിയുടെ രക്ഷകനായിരുന്നു പലപ്പോഴും. പാര്‍ട്ടിയുടെ ശബ്ദം, നിലപാട്, പ്രതികരണം പാര്‍ട്ടിആസ്ഥാനത്തുനിന്ന് പറയുന്നതിനേക്കാള്‍ ഉച്ചത്തില്‍ സോമനാഥിന് കേള്‍പ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ, എന്തിനേയും പാര്‍ട്ടിക്കണ്ണില്‍ക്കൂടി മാത്രം കാണുകയെന്ന നിലപാട് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചില വിഷയങ്ങളില്‍ പാര്‍ട്ടിനിലപാടില്‍നിന്ന് വ്യത്യസ്തമായ ശബ്ദമായിരുന്നു സോമനാഥിന്റേത്. 

കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ സിപിഎമ്മിനെ കെട്ടുന്നതിനോട് സോമനാഥിന് വലിയ യോജിപ്പില്ലായിരുന്നു. പക്ഷേ, സാഹചര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ പാര്‍ട്ടി പറയുന്നത് കേള്‍ക്കാമെന്നായിരുന്നു ചാറ്റര്‍ജി. യുപിഎ സര്‍ക്കാരിനെ സിപിഎം താങ്ങി, ലോക്‌സഭാ സ്പീക്കര്‍സ്ഥാനം കൈക്കലാക്കിയപ്പോള്‍ പാര്‍ട്ടിക്ക് ആ സ്ഥാനത്തേക്ക് മറ്റൊളെ ആലോചിക്കാന്‍ ഇല്ലായിരുന്നു. അങ്ങനെ 2004 ലെ 14 -ാം ലോക്‌സഭയില്‍ ചാറ്റര്‍ജി സ്പീക്കറായി. 

കോണ്‍ഗ്രസിനെ തുണയ്ക്കുമ്പോള്‍ സിപിഎം പ്രതീക്ഷിച്ച ചില നേട്ടങ്ങള്‍ ഉണ്ടായിരുന്നു. അതുപക്ഷേ ഉണ്ടായില്ല. ഒടുവില്‍, അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരുപറഞ്ഞ്, പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് അന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. പിന്‍വലിക്കുന്ന എംപിമാരുടെ പട്ടികയില്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ പേരും ഉണ്ടായിരുന്നു. പക്ഷേ രാജിക്ക് തയാറല്ലെന്ന് സോമനാഥ് നിലപാടെടുത്തു.

സ്പീക്കര്‍ പാര്‍ട്ടിയുടെ എംപിയല്ല, സ്പീക്കര്‍ പദവിയിലിരിക്കുമ്പോള്‍ രാഷ്ട്രീയ പക്ഷപാതം പാടില്ല എന്നായിരുന്നു ചാറ്റര്‍ജിയുടെ വാദം. പക്ഷേ, സ്പീക്കറായിരിക്കെ സിപിഎം സംഘടിപ്പിച്ച പല പരിപാടികളിലും പാര്‍ട്ടി യോഗങ്ങളിലും ചാറ്റര്‍ജി പങ്കെടുത്തിട്ടുമുണ്ട്. ഒടുവില്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി.

1996 ലെ പൊതു തെരഞ്ഞെടുപ്പില്‍ തൂക്കു പാര്‍ലമെന്റ് വന്നപ്പോള്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം സിപിഎം നേതാവ് ജ്യോതിബസുവിനു വന്നു. അന്ന് പാര്‍ട്ടി സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു. കോണ്‍ഗ്രസുമായി പല കാര്യങ്ങളിലും ഒത്തുതീര്‍പ്പും രഹസ്യഛാരണയും ഉണ്ടാക്കിയിരുന്നു സുര്‍ജിത്തെങ്കിലും കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയില്‍, മേല്‍ക്കൈ ഇല്ലാത്ത സാഹചര്യത്തില്‍ സിപിഎം പ്രധാനമന്ത്രിപദം സ്വീകരിക്കേണ്‌ടെന്ന് സുര്‍ജിത് നിശ്ചയിച്ചു. പ്രധാനമന്ത്രിക്കുപ്പായം തയാറാക്കിവെച്ചിരുന്ന ജ്യോതിബസു നിരാശപ്പെട്ടു, വാദിച്ചു. പക്ഷേ, ഒടുവില്‍ പാര്‍ട്ടി നിലപാടിന് കീഴടങ്ങി. എന്നാല്‍ പാര്‍ട്ടിത്തീരുമാനം ഹിമാലയന്‍ വിഡ്ഢിത്തമായി എന്ന് പരസ്യ പ്രസ്താവന നടത്തി അരിശം തീര്‍ത്തു.

കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കാപട്യങ്ങള്‍ മുഴുവന്‍ തുറന്നുകാട്ടാന്‍ ഇടനല്‍കുന്നതുമായിരുന്നു ആ സംഭവം. ''പാര്‍ട്ടിയുടെ ഭരണഘടനയുടെ അനുചേഛദം 19 ലെ 13-ാം വകുപ്പു പ്രകാരം പാര്‍ട്ടിതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കുന്നു...'' എന്നായിരുന്നു പാര്‍ട്ടി തീരുമാനം. ''സോമനാഥ് ഭരണഘടനപ്രകാരം ശരിയായിരിക്കാം, പക്ഷേ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഭരണഘടനയാണ് അതിലും മേലേ,'' എന്നായിരുന്നു സിപിഎം ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസ് അന്ന് പ്രസ്താവിച്ചത്. ജീവിതത്തിലെ കറുത്ത ദിവസം എന്ന് വിശേഷിപ്പിച്ച സോമനാഥ് അന്നൊരു നിര്‍ദ്ദേശം വെച്ചു; സ്പീക്കര്‍ ആകുന്നവര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കണം.

അങ്ങനെ ആദ്യം സോമനാഥ് പാര്‍ട്ടിയെ തോല്‍പ്പിച്ചു. അവിടെത്തീര്‍ന്നില്ല. കാലാവധി തീരുംവരെ സ്പീക്കറായി രണ്ടാമത് തോല്‍പ്പിച്ചു. പിന്നീട് പാര്‍ട്ടിക്ക് ബംഗാളില്‍ ഉണ്ടായ വന്‍ തോല്‍വികളെ തുടര്‍ന്ന് ചാറ്റര്‍ജിയെ തിരികെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും പുറത്താക്കിയ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറി, സീതാറാം യെച്ചൂരി പാര്‍ട്ടിത്തലവനായി. സോമനാഥിനോട് തിരിച്ചുവരാന്‍ അഭ്യര്‍ഥിച്ചു. ചാറ്റര്‍ജി പറഞ്ഞു, തിരിച്ചുവരാം, പക്ഷേ ആദ്യം പുറത്താക്കിയത് ശരിയായില്ലെന്ന് പാര്‍ട്ടി സമ്മതിക്കണം. മൂന്നാമതും പാര്‍ട്ടി തോറ്റു. സോമനാഥ് 89 -ാം വയസില്‍ മരിക്കുമ്പോള്‍ മുന്‍ സിപിഎം സഖാവായിരുന്നു.

മുന്‍ ലോക്‌സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.