എം. കെ. രാഘവനെതിരെ കോഴ വിവാദം, ടിക്കാറാം മീണ റിപ്പോർട്ട് തേടി

Thursday 4 April 2019 10:48 am IST
തെരഞ്ഞെടുപ്പ് ദിവസം മദ്യം വിതരണം ചെയ്യണം. പണം നല്‍കിയാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന് മാത്രം പത്ത് ലക്ഷത്തോളം രൂപ ചെലവുണ്ട്. പ്രചാരണത്തിനായി 50 മുതല്‍ 60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവന്‍ ചാനല്‍ സംഘത്തോട് വെളിപ്പെടുത്തി.

തിരുവനന്തപുരം : കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ കോഴ ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്‍ കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് തേടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു.

സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കോടികള്‍ ചെലവഴിച്ചാണ് മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതെന്ന് എം.കെ. രാഘവന്‍ വെളിപ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. ഇത് ഗൗരവമേറിയതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്നും കമ്മീഷണര്‍ അറിയിച്ചു.  

ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി കമ്പനി പ്രതിനിധികളായെത്തി എം.കെ. രാഘവനോട് സംസാരിക്കുകയായിരുന്നു. ലോക്‌സഭാ  തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത ചാനല്‍ സംഘത്തോട് പണം കൈമാറാന്‍ തന്റെ ദല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എംപി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ദിവസം മദ്യം വിതരണം ചെയ്യണം. പണം നല്‍കിയാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന് മാത്രം പത്ത് ലക്ഷത്തോളം രൂപ ചെലവുണ്ട്. പ്രചാരണത്തിനായി 50 മുതല്‍ 60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവന്‍ ചാനല്‍ സംഘത്തോട് വെളിപ്പെടുത്തി.

അതേസമയം തന്റെ പേരില്‍ പുറത്തുവന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ കോഴിക്കോട്ടെ സിപിഎം നേതൃത്വും ഒരു മാഫിയ സംഘവുമെന്ന് എം. കെ. രാഘവന്‍ പ്രതികരിച്ചു. ദല്‍ഹിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടു വന്നതിന് പിന്നില്‍ സിപിഎം നേതൃത്വമാണ്. ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്ത് വിടും. സിപിഎമ്മിന്റെ പരാജയ ഭീതിയാണ് ആരോപണത്തിന് പിന്നിലെന്നും എം. കെ. രാഘവന്‍ പറഞ്ഞു.

ശബ്ദം ഡബ്ബ് ചെയ്തതാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തത് പത്രക്കാരാണെന്ന് പറഞ്ഞ് തന്നെ സമീപച്ചതിനാലാണ്. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ചാനലിനെതിരെ മാനനഷ്ടകേസ് നല്‍കുന്ന കാര്യം ആലോചിക്കും. തന്റെ പാര്‍ട്ടിക്കാര്‍ക്ക് ഈ ആരോപണത്തില്‍ പങ്കില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയ സംഘത്തിന്റെ രാഷ്ടീയ ബന്ധം പിന്നീട് വെളിപ്പെടുത്തും. തന്റെ വിജയം ഉറപ്പായതാണ് തന്നെ ഉന്നം വയ്ക്കാന്‍ കാരണമെന്നും എം. കെ. രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

രാഘവന്റെ അഴിമതി ആദ്യം പുറത്തുകൊണ്ടുവന്നത് കളക്ടർ ബ്രോ

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.