വേറിട്ട രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ട്

Tuesday 7 August 2018 7:24 pm IST
1957 ല്‍ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റില്‍ നിന്നാണ് കരുണാനിധി തമിഴ്‌നാട് നിയമസഭയില്‍ ആദ്യം എത്തുന്നത്. 1961 ല്‍ ഡിഎംകെ ട്രഷററായ അദ്ദേഹം തൊട്ടടുത്ത വര്‍ഷം പ്രതിപക്ഷ ഉപനേതാവായി. 1967 ല്‍ പൊതുകാര്യമന്ത്രി. 1969 ല്‍ അണ്ണാദുരെയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രി പദത്തില്‍.

തമിഴ് മണ്ണില്‍ വേറിട്ട രാഷ്ട്രീയത്തിലൂടെ വരവറയിച്ച വ്യക്തിയായിരുന്നു എം. കരുണാനിധി. ആറു ദശാബ്ദത്തോളം നീണ്ട കലൈഞ്ജറുടെ രാഷ്ട്രീയ ജീവിതത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് അരനൂറ്റാണ്ടു കാലം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇത്രയും കാലം ഒരാള്‍ തന്നെ തുടരുന്നത് ലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. 

തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ നായകനായും പ്രതിനായകനായും നിറഞ്ഞു നിന്ന കലൈഞ്ജര്‍ 1953 ലെ കല്ലക്കുടി സമരത്തിലൂടെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്.

വിദ്യാര്‍ത്ഥിയായിരിക്കെ ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സ്വാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തില്‍ തുടക്കമിട്ട കരുണാനിധി പെരിയോര്‍ ഇ വി രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി മാറി. നാടകം, സിനിമ, കവിതകള്‍, കഥകള്‍ അങ്ങനെ എഴുത്തുകള്‍ കൊണ്ട് ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരണാനിധിയുടെ വളര്‍ച്ച. 

1957 ല്‍ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റില്‍ നിന്നാണ് കരുണാനിധി തമിഴ്‌നാട് നിയമസഭയില്‍ ആദ്യം എത്തുന്നത്. 1961 ല്‍ ഡിഎംകെ ട്രഷററായ അദ്ദേഹം തൊട്ടടുത്ത വര്‍ഷം പ്രതിപക്ഷ ഉപനേതാവായി. 1967 ല്‍ പൊതുകാര്യമന്ത്രി. 1969 ല്‍ അണ്ണാദുരെയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രി പദത്തില്‍.

അണ്ണാദുരൈയുടെ പിന്‍ഗാമിയാകാന്‍ വി ആര്‍ നെടുഞ്ചേഴിയന്‍ അടക്കമുള്ള നേതാക്കളുടെ പോരാട്ടത്തില്‍ കരുണാനിധിയ്ക്ക് തുണയായത് ഉറ്റതോഴനായ എംജിആര്‍. അതേ വര്‍ഷം ഡിഎംകെയുടെ അദ്ധ്യക്ഷ സ്ഥാനത്തും അവരോധിക്കപ്പെട്ടു. മകന്‍ എം കെ മുത്തുവിനെ അധികാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള നീക്കം തര്‍ക്കമായി മാറിയതോടെ ഇരുവരും വഴിപിരിഞ്ഞു.

1977 ല്‍ ഡിഎംകെയെ പുറത്താക്കി എംജിആറിന്റെ അണ്ണാഡിഎംകെ അധികാരം പിടിച്ചു. തമിഴ്മക്കളുടെ മനസില്‍ സൂര്യതേജസോടെ എംജിആര്‍ നിറഞ്ഞപ്പോള്‍ കരുണാനിധിയുടെ പ്രഭ മങ്ങി. 1987 ല്‍ എംജിആര്‍ വിടവാങ്ങുംവരെ ഇത് തുടര്‍ന്നു. എഐഎഡിഎംകെയില്‍ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മില്‍ അധികാരത്തര്‍ക്കം തുടര്‍ന്നപ്പോഴും സാഹചര്യം മുതലെടുക്കാന്‍ ഡിഎംകെയ്ക്കായില്ല. 1991 ല്‍ ജയലളിത എഐഎഡിഎംകെയെ അധികാരത്തിലെത്തിച്ചു.

1996 ല്‍ കരുണാനിധിയുടെ തിരിച്ചുവരവിന് തമിഴ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. എന്നാല്‍ 2001 പാര്‍ട്ടിയ്ക്ക് അധികാരത്തുടര്‍ച്ച ഒരുക്കാന്‍ കരുണാനിധിയ്ക്കായില്ല. 2006ല്‍ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് വീണ്ടും കരുണാനിധി മുഖ്യമന്ത്രിയായി. 2016 അവസാനം ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നത് വരെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അവസാന വാക്കായിരുന്നു കരുണാനിധി.

കലൈഞ്ജര്‍ വിടവാങ്ങി

ആ ജീവിതം, ഉജ്ജ്വലമായ തിരക്കഥ

വിട, കലൈഞ്ജര്‍ക്ക്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.